കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്റെ ഏഷ്യന്‍ ഹെഡ് ഒരു മലയാളിയാണെന്ന കാര്യം അധികമാര്‍ക്കും അറിയുവാന്‍ ഇടയില്ല. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശിയായ വിജയലക്ഷ്മി വെങ്കിടേശാണ് ഈ വലിയ ദൗത്യത്തിന്റെ അമരക്കാരി. വര്‍ഷങ്ങളായി മാക്സില്‍ പ്രവര്‍ത്തിക്കുകയാണ് വിജയലക്ഷ്മി. എന്നാല്‍ ഇപ്പോഴിതാ മുംബൈയിലെ തന്റെ സ്ഥിര ജോലിയില്‍ നിന്ന് ഇടവേള എടുത്ത് കേരളത്തിലേക്ക് എത്തുകയായിരുന്നു വിജയലക്ഷ്മി. ജോലിയില്‍ നിന്നുള്ള ഇടവേള എന്നത് സിനിമാ ലോകത്തേക്ക് ഉള്ള അരങ്ങേറ്റത്തിന് മുന്നോടിയായ ഒരു ചുവടുവെയ്പായിരുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അവതരിച്ചിരിക്കുകയാണ് വിജയലക്ഷ്മി എന്ന വിജി.
കാസ്റ്റിംഗ് ഡയറക്ടര്‍ വഴിയായിരുന്നു മലയാള സിനിമയിലേക്കും അഭിനയ ലോകത്തേക്കുമുള്ള വിജിയുടെ ചുവടുവെപ്പ്. സിനിമയോടുള്ള അഖിലിന്റെ സ്നേഹവും ആത്മാര്‍ത്ഥതയും ആണ് തന്നെ ഈ കഥാപാത്രത്തിലേക്ക് അടുപ്പിക്കുവാന്‍ കാരണമെന്ന് വിജി പറയുന്നു. വിജിക്ക് മലയാളം അത്ര വശമില്ല. അതുകൊണ്ടുതന്നെ മലയാളം ശരിക്കും വഴങ്ങാത്ത വിജിയെ ഭാഷ പഠിപ്പിക്കുന്നതിനായി ട്യൂട്ടറെ ഏര്‍പ്പാടാക്കിയതും സംവിധായകന്‍ അഖില്‍ തന്നെയായിരുന്നു. അഭിനയവും സിനിമയും ഒരിക്കല്‍പോലും സ്വപ്നം കാണാത്ത വിജിക്ക് ഇനിയും വിശ്വസിക്കാന്‍ ആയിട്ടില്ല താന്‍ ഒരു സിനിമയുടെ ഭാഗമായി എന്ന്.
വിജയലക്ഷ്മി മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം ഡല്‍ഹിയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ പഠിച്ച വളര്‍ന്ന് വിജയ്ക്ക് താനൊരു മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്നത് വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കാരണം വിജിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഡല്‍ഹി, മുംബൈ, അമേരിക്ക എന്നീ നഗരങ്ങളില്‍ ആണ് താരം ചെലവഴിച്ചത്. എന്നിരുന്നാലും ജന്മനാടിനോട് വിജിക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു. ഇതുതന്നെ ആവാം വിജിയെ മലയാള സിനിമയിലേക്ക് എത്തിച്ചതും.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം കരസ്ഥമാക്കിയ വിജി വിവാഹത്തിനുശേഷം ഒരു സാധാരണ വീട്ടമ്മ എന്ന നിലയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ആസ്വദിക്കുകയും ആയിരുന്നു. ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി അമേരിക്കയിലെ വെനിന്‍സ്വലയിലെത്തിയതോടെയാണ് വിജിയുടെ ജീവിതം മാറി മറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ കുടുംബത്തിന് വേണ്ടി വിജി ജോലിക്കിറങ്ങി. വീടുകള്‍തോറും മേക്കപ്പ് സാധനങ്ങള്‍ വിറ്റും മറ്റും ചെറിയ ജോലികള്‍ ചെയ്തുമാണ് കുടുംബത്തെ മുന്നോട്ടു നയിച്ചത്. വിജയുടെ ഭര്‍ത്താവ് ആ സമയങ്ങളില്‍ എംബിഎ യ്ക്ക് പഠിക്കുകയായിരുന്നു. ഇതിനുശേഷം തിരികെ മുംബൈയിലേക്ക് എത്തിയ വിജി വളരെ യാദൃശ്ചികമായാണ് കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരോടെല്ലാം ഇടപെടുകയും അതിലൂടെ വിജി വളര്‍ത്തിയെടുത്തത് ഒരു സമൂഹത്തിന്റെ അവബോധവും അതിലുപരി തന്നെ തന്നെയായിരുന്നു.
വിജിയുടെ വാക്കുകള്‍ ഇങ്ങനെ....
അര്‍ബുദം എന്നത് ജീവനും വളരെ ആപത്തായേക്കാവുന്ന ഒരു അസുഖമാണ്. ഇതു ബാധിച്ചവര്‍ ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ നല്ല വ്യത്യാസമുണ്ട്. ഒരുപാട് ആളുകളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്, അവരോട് സംസാരിക്കുമ്പോള്‍ പ്രത്യേക ഊര്‍ജവും ധൈര്യവും ഒക്കെ തോന്നാറുണ്ട്.
തന്റെ പ്രവര്‍ത്തനമേഖല മുംബൈയില്‍ ആണെങ്കിലും കേരളത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ ഇന്നും വിജിക്കുണ്ട്. കുട്ടിക്കാലത്ത് വേനല്‍ അവധിക്ക് കേരളത്തിലേക്ക് ട്രെയിന്‍ കയറുന്നത് വിജി ഇന്നും ഓര്‍ക്കുന്നു. തൈക്കാവിലുള്ള തന്റെ മുത്തശ്ശിയുടെ വീടും പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഒരിക്കല്‍ തൃശ്ശൂര്‍ പൂരം കാണാന്‍ പോയതും എല്ലാം വിജിക്ക് ഇന്നലെ കഴിഞ്ഞതുപോലെയാണ്. ഏതെല്ലാം നാടുകളില്‍ പോയാലും കേരളത്തില്‍ തിരികെ എത്തുമ്പോഴാണ് ഹോം ഫീലിംഗ് ലഭിക്കുന്നതെന്ന് വിജി പറയുന്നു. ഇക്കാരണത്താല്‍ തന്നെയാണ് അമേരിക്കയിലെ ഏഴെട്ട് വര്‍ഷത്തെ ജീവിതത്തിനു ശേഷം വിജി കുടുംബവുമായി തിരികെ മുംബൈയിലേക്ക് മടങ്ങിയത്.
സിനിമയിലേക്ക് ആദ്യമായാണ് വിധി ചുവടുവെക്കുന്നതെങ്കിലും ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ സല്‍മാനുമായി വളരെ അടുത്ത ബന്ധമാണ് വിജിക്കുള്ളത്. സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇരുവരും തമ്മില്‍ കോണ്‍ടാക്ട് ഉണ്ടാവുന്നത്. കഴിഞ്ഞ 25 വര്‍ഷക്കാലത്തോളം ആയി വിജയ്ക്കൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സല്‍മാനും ഒപ്പം ഉണ്ട്.
ഇതുവരെ വിജി വെങ്കിടേഷ് എന്ന പേര് മുംബൈ നഗരത്തില്‍ മാത്രമാണ് നിറഞ്ഞു നിന്നത്. എന്നാല്‍ ഇനിമുതല്‍ മലയാളക്കരയിലും വിജി യുടെ പേര് ഉയരും. തന്റെ ഇഷ്ട നടനായ ഫഹദ് ഫാസനോപം അഭിനയിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് വിജി ഇപ്പോള്‍.