സിബിഐ ഫ്രാഞ്ചൈസി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള പ്രശസ്ത രചയിതാവ് എസ് എന്‍ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. വിഷു ദിനത്തില്‍ പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ചിത്രത്തിന് തുടക്കം കുറിക്കാനാണ് പദ്ധതി.
എന്നാല്‍ ധ്യാന്‍ ശ്രീനവാസനുമായി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും അദ്ദേഹം അറിയിച്ചു. പുറത്ത് വരുന്ന വാര്‍ത്തകളില്‍ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വിഷു ദിനത്തില്‍ നടക്കാനിരിക്കുന്ന പൂജാ ചടങ്ങില്‍ മാത്രമേ സിനിമയെ കുറിച്ച് വാ തുറക്കുവെന്നും എസ്എന്‍ സ്വാമി പറഞ്ഞു.
എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേല് വന്ന വാര്‍ത്തകളാണ് ഇവ. ഞാനീ കാര്യത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധര്‍മം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ പറയുന്നില്ല', എസ്എന്‍ സ്വാമി പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു പ്രണയചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. രണ്ടു നായികമാരില്‍ ഒരാള്‍ അപര്‍ണ ദാസാണ്. ജേക്കബ് ഗ്രിഗറി ആണ് മറ്റൊരു താരം.വിഷു സ്വാമിയുടെ മകന് ശിവറാം ആണ് ചിത്രത്തിന്റെ സഹ സംവിധായകന്. 1980 ല്‍പുറത്തിറങ്ങിയ ചക്കരയുമ്മ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി എസ്.എന്‍. സ്വാമി വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ഇരുപതാം നൂറ്റാണ്ട് എന്ന മോഹന്‍ലാല്‍ ചിത്രവും ആ സിനിമയുടെ സൂപ്പര്‍ ഹിറ്റ് വിജയവും സ്വാമിക്ക് വലിയ പ്രശസ്തി നല്കി. പിന്നാലെ എത്തിയ സി.ബി. ഐ ഡയറിക്കുറിപ്പും വലിയ വിജയം നേടി. സി.ബി.ഐ സീരീസ് ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ റെക്കോര്‍ഡിന് ഉടമയാണ് സ്വാമി.പോയവര്‍ഷം സി.ബി.ഐ സീരീസിലെ സി.ബി.ഐ 5- ദ് ബ്രെയ്ന്‍ ആണ് എസ്.എന്‍. സ്വാമി രചന നിര്‍വഹിച്ച അവസാന ചിത്രം. മമ്മൂട്ടി - കെ. മധു എസ്.എന്‍. സ്വാമി ടീം 17 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരവ് നടത്തി എന്ന പ്രത്യേകത കൂടിയുണ്ട്.