ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടി തമന്ന. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ തമന്നയെയും കാജല്‍ അഗര്‍വാളിനെയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
'ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ എനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളോട് ഇത്തരം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇത് സംബന്ധിച്ച് നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും' തമന്ന പ്രസ്താവനയിലൂടെ അറിയിച്ചു.
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും നടി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. വ്യാജവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുത്. ഇത് സംബന്ധിച്ച് നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. 2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരേയാണ് അശോകന്‍ എന്നയാള്‍ പരാതിയുമായെത്തിയത്. കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തു. മുംബൈയില്‍ പാര്‍ട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കമ്പനി പണം സ്വരൂപിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തില്‍ രണ്ടു പേരെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അശോകന്‍ പരാതിയില്‍ പറയുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഒരാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം 10 ലക്ഷം ആദ്യഘട്ടമായി നിക്ഷേപിച്ചു. വിരമിച്ചപ്പോള്‍ ലഭിച്ച പണമടക്കമായിരുന്നു നിക്ഷേപിച്ചത്. തമന്ന പങ്കെടുത്ത ഉദ്ഘാടന പരിപാടിയിലേക്ക് അശോകനും ക്ഷണം ലഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സെലിബ്രിറ്റികളുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് നിക്ഷേപം ഒരു കോടിയായി വര്‍ധിപ്പിച്ചു. പത്ത് സുഹൃത്തുക്കളെക്കൊണ്ട് 2.4 കോടിയും കമ്പനിയില്‍ നിക്ഷേപിപ്പിച്ചു.
മാസങ്ങള്‍ക്ക് ശേഷം കാജല്‍ പങ്കെടുത്ത മഹാബലിപുരത്തെ പരിപാടിയിലേക്കും കമ്പനി അശോകനെ ക്ഷണിച്ചു. ഈ പരിപാടിയില്‍വെച്ച് നൂറോളം നിക്ഷേപകര്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ള കാറുകള്‍ സമ്മാനമായി നല്‍കി. അശോകന്‍ ആവശ്യപ്പെട്ടതുപ്രകാരം കാറിന് പകരം കമ്പനി എട്ടുലക്ഷം പണമായി നല്‍കി. എന്നാല്‍, പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്ന് വാഗ്ദാനലംഘനങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. തന്നേയും മറ്റ് നിക്ഷേപകരേയും കബളിപ്പിച്ചെന്നാണ് പരാതി.