മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. നിരവധി ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.പുതിയ ചിത്രമായ 'ഒപ്പീസിന്' തുടക്കം കുറിക്കുന്ന ചടങ്ങിനെത്തിയ നടന്‍ തന്റെ ജീവിതത്തിലുണ്ടായ കൊക്കെയ്ന്‍ കേസിനെക്കുറിച്ചും അതിനെ വിമര്‍ശിക്കുന്നവര്‍ക്കും മറുപടി നല്കിയിരിക്കുകയാണ്.
ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ട്. ഞാന്‍ എന്തൊക്കെയോ അടിച്ചത് കൊണ്ടും അടിക്കാത്തത് കൊണ്ടുമൊക്കെയാണ് ഇത് എന്നാണ് പലരും പറയുന്നത്.
ആളുകള്‍ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. അപ്പോള്‍ മുന്നെ ഞാന്‍ ഒരിക്കല്‍ പിടിക്കപ്പെട്ടത് അടിക്കാത്തതു കൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ. അടിക്കാത്ത ഒരാളെ പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീര്‍ത്തു. അതിനാര് ഉത്തരവാദിത്തം പറയും.
ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്തു കിടക്കുന്നവരും പുറത്തു കിടക്കുന്നവരില്‍ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണ്. ഒരിക്കല്‍ അകത്തു കിടന്ന് പുറത്ത് വന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല. ഒരു ഐപിഎസുകാരന്‍ പറഞ്ഞതുകേട്ടു, 'ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?' എന്ന്. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള്‍ നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ. ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍നന്നാകുന്നതിന് വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്.
അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്ക് പറയുന്നതാണ്'' എന്നാണ് ഷൈന്‍ പറയുന്നത്.
2015ലാണ് ഷൈന്‍ ടോം ചാക്കോ കൊക്കെയ്ന്‍ കേസില്‍ പിടിയിലായത്. കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ് നടന്‍ പിടിയിലായത്. കേസില്‍ കുറച്ച് നാള്‍ ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി.