വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ കേരളമെമ്പാടും പ്രതിഷേധം ഇരമ്പുകയാണ്. നിരവധി നടീ നടന്‍ ഈ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തികഴിഞ്ഞു. ഇപ്പോള്‍ വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് യുവ സിനിമ താരങ്ങള്‍ ഉള്‍പ്പെടെ മറൈന്‍ഡ്രൈവില്‍ നടത്തിയ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് സാജു നവോദയ പറഞ്ഞ കാര്യങ്ങളാണ് ആരാധകരെയും സങ്കടപെടുത്തുന്നത്.
കോമഡി കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ താരമായി പേരെടുത്ത ആളാണ് സാജു നവോദയ. ആ പേരിനെക്കാള്‍ പാഷാണം ഷാജി എന്ന് പറഞ്ഞാലെ സാജുവിനെ നാലാള്‍ അറിയൂ. വെള്ളി മൂങ്ങ, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളിലെ സാജുവിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് യുവ സിനിമ താരങ്ങള്‍ ഉള്‍പ്പെടെ മറൈന്‍ഡ്രൈവില്‍ നടത്തിയ പരിപാടിക്കിടെയാണ് മാധ്യമങ്ങളോട് കണ്ഠമിടറിക്കൊണ്ട് സാജു പ്രതികരിച്ചത്. യുവ താരങ്ങളായ നവജിത്ത് നാരായണന്‍, നിഖില്‍ ജയന്‍, റാഷിന്‍ ഖാന്‍ തുടങ്ങിയവരോടൊപ്പമാണ് സാജു നവോദയയും വാളയാര്‍ വിഷയത്തിലെ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ എത്തിയിരുന്നത്.
'ഞങ്ങള്‍ വിരലിലെണ്ണാവുന്നവരെയുള്ളൂ. ഈയൊരു പ്രതിഷേധം ഞങ്ങള്‍ക്ക് വലിയ കാര്യമാണ്. 18 വര്‍ഷമായി കുട്ടികളില്ലാത്തയാളാണ് ഞാന്‍. ഭയങ്കര വിഷമമുള്ളയാളാണ്. പക്ഷേ ഇനി എനിക്ക് മക്കള്‍ വേണ്ട, അത്രയും വിഷമമുണ്ട്. ഇതൊന്നും നമ്മളെകൊണ്ട് ഒരിക്കലും നിര്‍ത്താനാകില്ല. പക്ഷേ ഇത് കേട്ടിട്ട് ചെയ്യാന്‍ പോകുന്നവര്‍ വേണ്ടായെന്ന് ചിന്തിച്ചാല്‍ മതി. നമ്മുടെ നിയമം അങ്ങനെയാണല്ലോ, എന്തൊക്കെയായാലും ആ കുട്ടികള്‍ക്ക് നീതി കിട്ടണം. നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ അവസ്ഥയാണിവിടെ നവജിത്തും കൂട്ടരും അവതരിപ്പിച്ചത്. ഇപ്പോള്‍ വാളയാര്‍ സംഭവം പുറത്തറിഞ്ഞതോടെയാണ് വാര്‍ത്തയായത്. ഇനിയും അറിയാത്ത എത്രയോ സംഭവങ്ങള്‍. കേരളത്തില്‍ ഒരു കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലതെ'ന്നും വികാരധീനനായി സാജു നവോദയ പറയുകയുണ്ടായി.
വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് കലാകാരന്മാരുടെ കൂട്ടായ്മ പ്രതിഷേധ തെരുവുനാടകം സംഘടിപ്പിച്ചത്. പേടിയാ, വാളയാറില്‍ നിന്ന് നമ്മുടെ വീട്ടിലേക്ക് അധികം ദൂരമില്ല എന്ന് കരഞ്ഞ് പറഞ്ഞുകൊണ്ട് ഒരു അച്ഛന്റെ വേഷത്തിലാണ് നടന്‍ നവജിത്ത് തെരുവുനാടകത്തില്‍ അഭിനയിച്ചത്. പ്രതീകാത്മകമായി രണ്ട് പാവക്കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് വിലപിക്കുന്ന അച്ഛനെ ചവിട്ടിമെതിക്കുന്ന പോലീസിനെ അവഗണിച്ച് ഇപ്പോള്‍ പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേരേയും അവരുടെ പൈശാചിക കരങ്ങള്‍ ഉയരുമെന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്‌സിനു മുന്നിലാണ് സമാപിച്ചത്.