ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സാജു നവോദയ. മിമിക്രി വേദികളിലൂടെയും മിനിസ്‌ക്രിന്‍ കോമഡികളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ബിഗ്‌ബോസില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത അംഗമായിരുന്നു സാാജു നവോദയ. പാഷണം ഷാജിയായി ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ബോസില്‍ എത്തിയതോടെ കോമഡി സംഭവങ്ങളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിഗ്‌ബോസില്‍ തന്റെ വിദേശയാത്രയുടെ ഒരു അനുഭവം സാജു പങ്കുവച്ചത് പ്രേക്ഷകരെ ഈറനിണിയിക്കയാണ്.
ആറു ദിവസത്തേക്കാണ് സാജു മറ്റു നടീനടന്മാര്‍ക്കൊപ്പം യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ ഉടനെ നാട്ടില്‍ നിന്നും വിളി വന്നു. ഭാര്യ മാതാവിന് സുഖമില്ല, ആശുപത്രിയിലാണ് സാജു ഉടന്‍ നാട്ടില്‍ എത്തണം. സാജു ആണെങ്കില്‍ വിദേശ യാത്രകള്‍ ഒറ്റയ്ക്ക് നടത്താന്‍ ഇഷ്ടപ്പെടുന്ന ആളുമല്ല. കൂടെ വന്നവരുടെ മടക്ക യാത്ര മറ്റൊരു തിയ്യതിയിലുമാണ്. എങ്കിലും പൊടുന്നനെ യാത്രക്കുള്ള തയ്യാറെടുപ്പു നടത്തി എയര്‍പോര്‍ട്ടില്‍ എത്തി. ഉദ്ദേശിച്ച വിമാനം കഷ്ടകാലത്തിനു പറക്കുകയും ചെയ്തു. പിന്നെ ഗത്യന്തരം ഇല്ലാതെ ഗ്ലോസ്റ്റര്‍ മലയാളി ആയ സുഹൃത്തിനെ ബന്ധപ്പെട്ടു മറ്റൊരു വിമാനം തരപ്പെടുത്തി പരിപാടിക്കൊപ്പം വന്ന ടെക്‌നിഷ്യന്മാരുടെ കൂടെയാണ് സാജു നാട്ടില്‍ എത്തുന്നത്.
എന്നാല്‍ ബ്രിട്ടനില്‍ നിന്നും തുടങ്ങിയ ശകുനപ്പിഴകള്‍ സാജുവിനെ ആ യാത്രയില്‍ ഉടനീളം പിടികൂടുക ആയിരുന്നു എന്നതാണ് സത്യം. കൂടെ സുഹൃത്തുക്കള്‍ ആരുമില്ലാത്ത സങ്കടവും നാട്ടിലെ കാര്യങ്ങള്‍ ആലോചിച്ചുള്ള ടെന്‍ഷനും കാരണം മുംബൈ വഴിയുള്ള യാത്രയില്‍ ലഗ്ഗേജ് എടുക്കാന്‍ മറന്നു. എങ്ങനെയും ഓടിക്കിതച്ചു ആശുപത്രിയില്‍ എത്തി സ്വന്തം അമ്മയെ പോലെ തന്നെ കരുതുന്ന ഭാര്യ മാതാവിനെ കാണണം. ഇവര്‍ അവസാന കാലം സാജുവിനും കുടുംബത്തിനും ഒപ്പമാണ് കഴിഞ്ഞിരുന്നത് എന്നതിനാല്‍ സ്വന്തം മകനെ പോലെയുള്ള വാത്സല്യമാണ് സാജുവിന് ആ അമ്മ നല്‍കിയിരുന്നത്. സാജു ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടു വിവരങ്ങള്‍ ഒക്കെ തിരക്കി കുറച്ചു നേരം കൈപിടിച്ച് വര്‍ത്തമാനം പറഞ്ഞ ശേഷം യാത്രാക്ഷീണം മാറ്റാന്‍ ഒന്ന് കുളിക്കാന്‍ പോയി വന്നപ്പോഴേക്കും അമ്മയുടെ മരണവര്‍ത്തയും ഒപ്പമെത്തി.
ഏറെ സങ്കടം തോന്നിയെങ്കിലും കണ്ണടയ്ക്കും മുന്‍പ് അമ്മയുടെ ആഗ്രഹം പോലെ അവസാനമായി കാണാന്‍ സാധിച്ചല്ലോ എന്ന ആശ്വാസമാണ് പിന്നീട് തോന്നിയതെന്നും സാജു പറയുന്നു. ഇങ്ങനെ ആകെക്കൂടി നോക്കുമ്പോള്‍ അന്നത്തെ ബ്രിട്ടീഷ് യാത്ര വ്യക്തിപരമായി വലിയ സമ്മര്‍ദ്ദവും നഷ്ടവും ആയി മാറുക ആയിരുന്നു. ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ കൂടെ വന്നവര്‍ കാഴ്ചകള്‍ കാണാന്‍ സാജുവിനെ നിര്‍ബന്ധിച്ചു വിളിച്ചെങ്കിലും മുറിക്കു പുറത്തിറങ്ങാന്‍ സാജു തയ്യാറായില്ല. ബാക്കിയുള്ളവര്‍ ഇവന്‍ എന്ത് മനുഷ്യനെടെ എന്ന ഭാവത്തില്‍ നാട് കാണാന്‍ ഇറങ്ങി. എന്നാല്‍ ഇത്തവണ കഷ്ടകാലം നാട് കാണാന്‍ ഇറങ്ങിയവര്‍ക്കായിരുന്നു. കാലം തെറ്റി അമേരിക്കയില്‍ പെയ്ത കനത്ത മഴയില്‍ റോഡുകള്‍ മുഴുവന്‍ ഗതാഗത കുഴപ്പത്തിലായി. നാട് കാണാന്‍ ഇറങ്ങിയവര്‍ അതേ വേഗത്തില്‍ തിരിച്ചെത്തി. തിരികെ വന്നവര്‍ സാജുവിനെ കണക്കിന് പ്രാകുകയും ചെയ്തു. സാജുവാകട്ടെ, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ എന്ന ഭാവത്തിലും. ഇത്തരത്തില്‍ രസകരമായ ഒട്ടേറെ വിദേശ സഞ്ചാര ഓര്‍മ്മകളും ഈ കൊമേഡിയന്‍ പങ്കിടുന്നുണ്ട്.