രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. പുതിയ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച ചെങ്കോലിന്റെ കഥപറയുന്ന ഡോക്യുമെന്ററിയ്ക്ക് ശേഷമാണിത്. 1883 മുതല്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങള്‍ ഡോക്യുമെന്ററിയില്‍ പറയും.
1883 മുതല്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷന്‍ ചിത്രത്തില്‍ പറയുന്നത്.ഇന്ത്യന്‍ ചരിത്രം, മുഗള്‍ അധിനിവേശം, ബാബരി മസ്ജിദിന്റെ ചരിത്രം, കര്‍സേവ, നിയമാപ്പോരാട്ടം, കോടതി വിധി തുടങ്ങീ നിരവധി കാര്യങ്ങളാണ് ഡോക്യു- ഫിക്ഷന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്.
നേരത്തെ പുതിയ പാര്‍ലിമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട ചെങ്കോല്‍ കൈമാറ്റം പ്രിയദര്‍ശനും സന്തോഷ് ശിവനും ചേര്‍ന്ന് ചിത്രീകരിച്ചിരുന്നു. തന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂര്‍ത്തം എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
'കാലാപാനിയും കുഞ്ഞാലിമരയ്ക്കാരും ചെങ്കോലും ചെയ്ത എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂര്‍ത്തമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കഥ പറയുന്ന ഈ ഡോക്യു ഡ്രാമ. കുട്ടിക്കാലത്ത് രാമായണം കേട്ടുവളര്‍ന്ന നാളുകള്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഇത്തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചിത്രീകരിക്കുന്നത് അഭിമാനകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.'' എന്നാണ് പ്രിയദര്‍ശന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മലയാളിയും മുന്‍ എം.പിയും ഐ.സി.എസ് ഓഫീസറുമായ കെ.കെ.നായര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, അശോക് സിംഘാള്‍, അദ്വാനി, വാജ്‌പേയ്, അഡ്വ.പരാശരന്‍, പുരാവസ്തുവിദഗ്ധന്‍ കെ.കെ.മുഹമ്മദ്, യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റി ചമ്പത് റായി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഈ ഡോക്യുഡ്രാമയില്‍ കടന്നുവരുന്നു.
ലക്നൗ, അയോധ്യ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, റാമോജി ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഈ ഡോക്യുഡ്രാമ ചിത്രീകരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്നടക്കം പലരും മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ചെങ്കോല്‍ ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രിയദര്‍ശനെ സംവിധായകനായി തിരഞ്ഞെടുക്കുകയായിരുന്നു.