മലയാളത്തിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നടി എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും സിനിമയ്ക്കകത്തെ പ്രതിസന്ധികളിലും തന്റേതായ നിലപാട് നടി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണവും സിനിമാരംഗത്ത് ഒതുക്കലുകളും നടി നേരിട്ടിട്ടുണ്ട്. അവസാനമായി അമ്മയില്‍ നിന്നും രാജിവച്ചും തന്റെ നിലപാട് പാര്‍വ്വതി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ നടിയുടെ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധനേടുന്നത്.
പുരുഷാധിപത്യമുള്ള സിനിമാ മേഖലെ സ്ത്രീകളെ പരസ്പരം ഇടകലരുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. 'സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ഇവിടെ ഉണ്ടായിരുന്നു. ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു', പാര്‍വ്വതി പറയുന്നു
സിനിമകള്‍ സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് തിരക്കഥ വായിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതിനെ പലരും പരിസഹിച്ചിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. 'തിരക്കഥ വായിച്ചതിനു ശേഷമേ കരാര്‍ ഒപ്പിടൂ, അല്ലേ എന്ന് വളരെ പരിഹാസത്തോടെയാണ് എനിക്കുനേരെ ചോദ്യമുയര്‍ന്നിരുന്നത്. എന്താണ് അവതരിപ്പിക്കാനുള്ളതെന്ന് അറിയാനായി തിരക്കഥ വായിക്കുന്നത് ഒരു വ്യക്തിയുടെ അവകാശം പോലുമല്ല എന്ന മട്ടിലായിരുന്നു ആ ചോദ്യങ്ങള്‍. പുതുമുഖങ്ങളെ സംബന്ധിച്ചാണെങ്കില്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ഔദാര്യം പോലെയാണ് അവസരങ്ങളെക്കുറിച്ച് അവരെ തോന്നിപ്പിച്ചിരുന്നത്', പാര്‍വ്വതി പറയുന്നു.
സിനിമയിലെത്തി ആദ്യത്തെ ഏഴെട്ട് വര്‍ഷം സംസാരിച്ചത് സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എഴുത്തുകാര്‍ എന്നിവരോടാണ്. അതില്‍ തന്നെ 99 ശതമാനവും ആണുങ്ങളായിരുന്നു. ഡബ്ല്യുസിസിയില്‍ എത്തിയശേഷം ഇപ്പൊ 99.99 ശതമാനവും സ്ത്രീകളോടാണ് ഞാന്‍ സംസാരിക്കുന്നത്.