ഒമര്‍ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് റദ്ദാക്കിയ സംഭവം പബ്ലിസിറ്റി സ്റ്റണ്ടായി കാണരുത് എന്ന് നടി ഷക്കീല. ഒമര്‍ ലുലു തന്നെ ഒരു നല്ല കാര്യത്തിനായാണ് വിളിച്ചത്. ഇത്രയേറെ പണം മുടക്കുള്ള മാനദണ്ഡങ്ങള്‍ പറഞ്ഞാല്‍ പിന്നെ തന്നെ ആരും പരിപാടികള്‍ക്ക് വിളിക്കാത്ത അവസ്ഥയുണ്ടാകും. തനിക്ക് ഇനിയും കേരളത്തില്‍ വരുവാനും സിനിമകളില്‍ അഭിനയിക്കാനും ആഗ്രഹമുണ്ട് എന്നും ഷക്കീല പറഞ്ഞു.
ഷക്കീല വീഡിയോയിലെത്തിയതാണ് ഇക്കാര്യം പങ്ക് വച്ചത്. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് കുറെയധികം ന്യൂസ് ചാനലുകളില്‍ സംസാരിച്ചുവെന്നും നമുക്ക് ഇത് മതിയാക്കാം എ്ന്നും നടി പറയുന്നു. ഒമര്‍ ലുലു എന്നെ വിളിച്ചത് നല്ല ഒരു തുടക്കം നല്‍കാനാണ്. എന്നാല്‍ അത് നടന്നില്ല. ഞാന്‍ ഏതെങ്കിലും ഒരു മാളില്‍ ഇതുപോലെ ഒരു പരിപാടി ലോഞ്ച് ചെയ്യാന്‍ വരുമ്പോള്‍ ഇത്രയേറെ പണം മുടക്കുള്ള മാനദണ്ഡങ്ങള്‍ പറഞ്ഞാല്‍ ആരും എന്നെ വിളിക്കില്ല. എനിക്ക് ഇനിയും കേരളത്തില്‍ വരണം, ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇതിനെയൊരു പബ്ലിസിറ്റി സ്റ്റണ്ടായി കാണരുത്', ഷക്കീല പറഞ്ഞു.
ഷക്കീലയെ മുഖ്യ അതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് നടത്താനിരുന്ന ട്രെയ്ലര്‍ ലോഞ്ചിന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ ആദ്യം സമ്മതം നല്‍കിയെന്നും പിന്നീട് സുരക്ഷാ കാരണങ്ങള്‍ ചുണ്ടികാട്ടി റദ്ദാക്കിയെന്നും ആരോപിച്ച് ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അവസാന നിമിഷം പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്നാണ് ഹൈലൈറ്റ് മാളിന്റെ വിശദീകരണം. അതിഥികള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയെന്നത് ഉള്‍പ്പെടെ മുന്‍കൂട്ടി ചെയ്യേണ്ട ചില നടപടികള്‍ ഉണ്ടെന്നും ഹെലൈറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ പറഞ്ഞു.
ഇര്‍ഷാദിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.