Latest News

'പ്രായം, കുടുംബം, അമ്മ, ഈ പറഞ്ഞതെല്ലാം അവള്‍ക്കും ഉണ്ട്'; സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയത് എട്ട് വര്‍ഷങ്ങള്‍; ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്?; കുറിപ്പുമായി ശില്‍പ ബാല;ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാല്‍ മതിയായിരുന്നുവെന്ന് വിമര്‍ശിച്ച് ജുവല്‍മേരി; കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രേം കുമാര്‍

Malayalilife
 'പ്രായം, കുടുംബം, അമ്മ, ഈ പറഞ്ഞതെല്ലാം അവള്‍ക്കും ഉണ്ട്'; സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതിയത് എട്ട് വര്‍ഷങ്ങള്‍; ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്?; കുറിപ്പുമായി ശില്‍പ ബാല;ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാല്‍ മതിയായിരുന്നുവെന്ന് വിമര്‍ശിച്ച് ജുവല്‍മേരി;  കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രേം കുമാര്‍

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിക്കെതിരെ പ്രതിഷേധവുമായി നടിയും അവതാരകയുമായ ശില്‍പ ബാല. അതിജീവിതയുടെ എട്ട് വര്‍ഷത്തെ പോരാട്ടം വിഫലമായെന്നാണ് ശില്പ പ്രതികരിച്ചത്. അതിജീവിതയുടെ അടുത്ത സുഹൃത്തുമാണ് ശില്‍പ ബാല. തുടക്കം മുതല്‍ക്കു തന്നെ അതിജീവിതയ്ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്ന സുഹൃത്താണ് ശില്‍പ ബാല. 

'അവള്‍ക്കും ഉണ്ട് ഈ പറഞ്ഞതെല്ലാം. പ്രായം, കുടുംബം, അമ്മ. എട്ട് വര്‍ഷങ്ങള്‍ സത്യത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതി. എല്ലാവരേയും പോലെ ഒരു ദിവസം സാധാരണ ജീവിതം ജീവിച്ച് തുടങ്ങാന്‍ വേണ്ടി. എന്നിട്ട് ശരിക്കും ശിക്ഷ കിട്ടിയത് ആര്‍ക്ക്? സംരക്ഷണം ആണോ അതോ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഇത് നിയന്ത്രണം ആണോ?'' എന്നാണ് ശില്‍പ ബാലയുടെ പ്രതികരണം. 

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞതെങ്കിലും കോടതി നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണെന്ന വിമര്‍ശിക്കും ഉയരുന്നുണ്ട്. 

വിധി തീരെ കുറഞ്ഞുപോയെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് 'എന്ത് തേങ്ങയാണ് ഇത്' എന്ന് താരം പ്രതികരിച്ചു. 'ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാല്‍ മതിയായിരുന്നു!' എന്നും ജുവല്‍ മേരി മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ജുവല്‍ മേരി പങ്കുവെച്ചിരുന്നു. 

'ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്ത അതിക്രൂരവും അത്യപൂര്‍വവുമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. അങ്ങനെയൊരു കേസില്‍ ഒരു സാധാരണ ബലാത്സംഗ കുറ്റത്തിന് നല്‍കുന്ന 20 വര്‍ഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കോടതിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നതില്‍ സംശയമില്ല' എന്നായിരുന്നു ടി. ആസഫ് അലിയുടെ പോസ്റ്റ്. 

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ട കേസില്‍ കോടതി ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന വാദത്തെയാണ് ജുവല്‍ മേരിയും ആസഫ് അലിയും പിന്തുണയ്ക്കുന്നത്. പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവ പരിഗണിച്ചാണ് പരമാവധി ശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നത്. 

കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേം കുമാറും പറഞ്ഞു. അതിജീവിതയും മഞ്ജു വാര്യരും കേസില്‍ കുറ്റവിമുക്തനായ ദിലീപും ഉള്‍പ്പെടെ പലരും ഗൂഢാലോചനയുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍, അത് കൃത്യമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐ.എഫ്.എഫ്.കെ. വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍. 

കേസിന്റെ തുടക്കത്തില്‍ മഞ്ജു വാര്യര്‍ ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് പ്രോസിക്യൂഷനും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തി. ഒന്നാം പ്രതിയും ഇത് ക്വട്ടേഷനാണെന്ന് പറഞ്ഞിട്ടുണ്ട്. ക്വട്ടേഷനാകുമ്പോള്‍ അതിനു പിന്നില്‍ ഗൂഢാലോചന സ്വാഭാവികമാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി. അതിജീവിതയും ക്വട്ടേഷനാണെന്ന് പറയുന്നു. ഇപ്പോള്‍ കേസില്‍ വെറുതെ വിട്ട ദിലീപിനും ഗൂഢാലോചനയുണ്ടെന്ന അഭിപ്രായമാണുള്ളത്. പൊതുസമൂഹവും ഗൂഢാലോചന സിദ്ധാന്തം വിശ്വസിക്കുന്ന സാഹചര്യത്തില്‍, ഈ വിഷയം കൃത്യമായി അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

 'എന്താണ് ഗൂഢാലോചന? ആരാണ് നടത്തിയത്? ആര്‍ക്കെതിരെയാണ് ഈ ഗൂഢാലോചന നടന്നിട്ടുള്ളത്? ഇത് കൃത്യമായി കണ്ടെത്തണം. എല്ലാവരും ഒരേ സ്വരത്തില്‍ ഗൂഢാലോചന എന്ന് പറയുമ്പോള്‍ കോടതിക്ക് മാത്രം അത് ബോധ്യമായില്ല എന്ന് പറയുന്നു,' പ്രേം കുമാര്‍ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമേ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത വര്‍ധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് അവര്‍ തന്നെ പറയുമ്പോള്‍, നീതി ലഭിച്ചുവെന്ന് നമുക്ക് എങ്ങനെ പറയാനാവുമെന്നും പ്രേം കുമാര്‍ ചോദിച്ചു. ഗൂഢാലോചന അന്തരീക്ഷത്തില്‍നിന്ന് ഉണ്ടാകില്ലെന്നും, അത് നടത്തിയവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # ശില്‍പ ബാല
shilpa bala AND jewel mary and premkumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES