'ലൂസിഫര്‍' സിനിമയില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്ക് പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. നടന്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പ് പങ്ക് വച്ചാണ് ഇക്കാര്യം പറയുന്നത്.
സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഈ വിപത്തിനെ തുടച്ചു നീക്കാനാകില്ല. പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത മാരകമായ മയക്കുമരുന്നുകള്‍ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും എന്നാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ:
2018ല്‍ 'ലൂസിഫര്‍' എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും.
സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.