Latest News

ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടന്‍; പുതുമുഖ സംവിധായകന്റെ നായകനായ മഹാനടന്‍ മമ്മൂട്ടി;സിനിമ വലുതായപ്പോ നിര്‍മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കര്‍; 'ഒരു മറവത്തൂര്‍ കനവി'ന്റെ 25-ാം വാര്‍ഷികത്തില്‍ ഓര്‍മ്മകളുടെ കുറിപ്പുമായി ലാല്‍ജോസ്

Malayalilife
 ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടന്‍; പുതുമുഖ സംവിധായകന്റെ നായകനായ മഹാനടന്‍ മമ്മൂട്ടി;സിനിമ വലുതായപ്പോ നിര്‍മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കര്‍; 'ഒരു മറവത്തൂര്‍ കനവി'ന്റെ 25-ാം വാര്‍ഷികത്തില്‍ ഓര്‍മ്മകളുടെ കുറിപ്പുമായി ലാല്‍ജോസ്

ശ്രീനിവാസന്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്.ഏറെ കാലം സംവിധായകന്‍ കമലിന്റെ കീഴില്‍ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിച്ച ശേഷം 1998 ല്‍ ഈ  ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറാന്‍ ലാല്‍ ജോസിന് കഴിഞ്ഞു.

ഇപ്പോള്‍ തന്റെ ആദ്യ ചിത്രം 'ഒരു മറവത്തൂര്‍ കനവി'ന്റെ 25-ാം വാര്‍ഷികത്തില്‍ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ലാല്‍ജോസ്. ആ പ്രോജക്റ്റ് ഉണ്ടായിവന്ന വഴി അനുസ്മരിച്ചു കൊണ്ടാണ് ലാല്‍ജോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ശ്രീനിവാസന്റെ വാക്കും മമ്മൂട്ടിയുടെ ഓഫറുമാണ് ആ സിനിമ സാധ്യമാക്കിയത് എന്നാണ് ലാല്‍ജോസ് പറയുന്നത്.

ലാല്‍ജോസിന്റെ കുറിപ്പ്:

ഏപ്രില്‍ 8 - എന്റെ ആദ്യ സിനിമ, മറവത്തൂര്‍ കനവ് റിലീസായിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്. ഈ ദിവസം ഞാന്‍ അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയില്‍ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെററില്‍ ഓടി പായുമ്പോള്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായിരുന്ന അലക്സാണ്ടര്‍ മാത്യു പൂയപ്പളളിയും ഡോക്ടര്‍ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫര്‍ വയ്ക്കുന്നത്.

ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാല്‍ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതി തന്നാല്‍ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവര്‍ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി - ലാല്‍ ജോസാണെങ്കി ഞാന്‍ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തില്‍ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെറ്റുകളില്‍ കഥാ ചര്‍ച്ച.

അതിനിടെ ഉദ്യാനപാലകനില്‍ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്റെ പടത്തിലെ നായകന്‍. കഥ ആലോചനകള്‍ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാല്‍ ഞാന്‍ അഭിനയിക്കാമെന്ന് മമ്മൂക്ക. ശ്രീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫര്‍, അലക്സാണ്ടര്‍ മാത്യുവിന്റേയും ഡോക്ടര്‍ ബ്രൈറ്രിന്റേയും ഉത്സാഹം, ലാല്‍ജോസെന്ന ചെറുപ്പക്കാരനില്‍ ഇവരെല്ലാം ചേര്‍ന്ന് നിറച്ച് തന്ന ഊര്‍ജ്ജമാണ് 'ഒരു മറവത്തൂര്‍ കനവാ'യി മാറിയത്.

1997 ഡിസംബറില്‍ ഷൂട്ട് തുടങ്ങി, 1998 ഏപ്രില്‍ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമല്‍ സാര്‍, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടന്‍, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടന്‍, സിനിമ വലുതായപ്പോ നിര്‍മ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കര്‍ - നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല.

അതെന്റെ ജീവനോളം വലിയ ഒരു സുദീര്‍ഘ ലിസ്ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തില്‍ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഞാന്‍ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകര്‍.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവര്‍. നന്ദി പറഞ്ഞ് ഞാന്‍ ചുരുക്കുന്നില്ല - സ്നേഹത്തോടെ ഓര്‍ക്കുന്നു. ഏവര്‍ക്കും ഈസ്റ്റര്‍ - വിഷു ആശംസകള്‍ !

lal jose FB Post about oru maravathoor kanavu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES