അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു നിര്‍മ്മിക്കാന്‍ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. സുധിയുടെ മക്കളായ രാഹുലിന്റെയും റിഥുലിന്റെയും പേരിലാണ് ചങ്ങനാശ്ശേരിയിലെ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപാണ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. കേരള ഹോം ഡിസൈന്‍സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് സൗജന്യമായി സുധിയുടെ കുടുംബത്തിന് വീട് പണിത് കൊടുക്കുന്നത്.
'എന്റെ കുടുംബസ്വത്തില്‍ നിന്നുള്ള ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയ്ക്ക് പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്.വീടു പണി ഉടന്‍ തുടങ്ങും' ബിഷപ് പറഞ്ഞു. സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും ഭാര്യ രേണു പറഞ്ഞു.
എന്നാല്‍ ഇത് കാണാന്‍ അദ്ദേഹം ഇല്ലാതെ പോയതാണ് ഏറെ സങ്കടമെന്ന് രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്നും രേണു കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് കൊല്ലം സുധിക്ക് അപകടം ഉണ്ടാകുന്നത്. കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അദ്ദേഹവും ബിനു അടിമാലിയും ഉല്ലാസ് അരൂരും, മഹേഷും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.