മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച തെങ്കാശിപ്പട്ടണത്തിന് ശേഷം സുരേഷ് ഗോപി ലാല്‍ കൂട്ടകെട്ട് വീണ്ടും ഒന്നിക്കുന്നു. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജീപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജീപണിക്കരാണ്. ഇടവേളയ്ക്ക ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് നായകറോളിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഹൈറേഞ്ചില്‍ നടക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.അതുകൊണ്ടു തന്നെ രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ ആവും സുരേഷ് ഗോപി ഈ ചിത്രത്തില്‍ എത്തുക. സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുക.
സുരേഷ് ഗോപിയെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ട്ടപെടുന്ന രീതിയില്‍ ആവും ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നും നിതിന്‍ രഞ്ജി പണിക്കര്‍ പറയുന്നു. ലേലം രണ്ടാം ഭാഗം ആണ് ചെയ്യാനിരുന്നത് എങ്കിലും തിരക്കഥ എഴുതുന്ന രഞ്ജി പണിക്കരുടെ തിരക്കുകള്‍ മൂലം അത് നീണ്ടു പോയപ്പോള്‍ ആണ് ഈ പ്രോജെക്ടിലേക്കു എത്തിയത് എന്നും നിതിന്‍ പറഞ്ഞു.
സായ ഡേവിഡ്, ഐ എം വിജയന്‍, അലെന്‍സിയര്‍, പദ്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴ്ക്കാട്ടൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നല്‍കുന്നത് രെഞ്ജിന്‍ രാജ് ആണ്. മന്‍സൂര്‍ മൂത്തൂട്ടി ആണ് ഇതിന്റെ എഡിറ്റര്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം സുരേഷ് ഗോപി കാവലില്‍ ജോയിന്‍ ചെയ്യും.