ഹോളിവുഡ് താരവും ഡബ്യൂഡബ്യൂഇ സൂപ്പര്‍ താരവുമായ ജോണ്‍ സീനയുമായി കൂടികാഴ്ച നടത്തിയിരിക്കുകയാണ് തമിഴ് ചലച്ചിത്ര താരം കാര്‍ത്തി ശിവകുമാര്‍. കാര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലാണ് കാര്‍ത്തി ശിവകുമാര്‍ ജോണ്‍ സീനയ്ക്കൊപ്പമുള്ള ചിത്രം പങ്കു വച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു താരങ്ങളുടെ കൂടികാഴ്ച എന്നാണ് കാര്‍ത്തി ശിവകുമാര്‍ പങ്കു വെച്ചിരിക്കുന്ന പോസ്റ്റ് നല്‍കുന്ന സൂചന.
ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായും അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രാവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു എന്നുമാണ് കാര്‍ത്തി ശിവകുമാര്‍ ജോണ്‍ സീനയുമായുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച വിനോദ കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാളായിട്ടാണ് ജോണ്‍ സീനയെ അറിയപ്പെടുന്നത്. 16 തവണ ലോക ചാമ്പ്യനായിട്ടുള്ള വ്യക്തിയാണ് ജോണ്‍ സീന. 13 തവണ ഡബ്യൂഡബ്യൂഇ ചാമ്പ്യനും മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും. അഞ്ച് തവണ ഡബ്യൂഡബ്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യന്‍ , രണ്ട് തവണ ഡബ്യൂഡബ്യൂഇ ടാഗ് ടീം ചാമ്പ്യന്‍ , രണ്ട് തവണ വേള്‍ഡ് ടാഗ് ടീം ചാമ്പ്യന്‍ രണ്ട് തവണ റോയല്‍ റംബിള്‍ ജേതാവ്, ഒരു തവണ മണി ഇന്‍ ബാങ്ക് ജേതാവ്. ഡബ്യൂഡബ്യൂഇ പ്രധാന പരിപാടിയായ റെസില്‍മാനിയ ഉള്‍പ്പെടെ നിരവധി പ്രധാന ഡബ്ല്യുഡബ്ല്യുഇ പേ-പെര്‍ വ്യൂ ഇവന്റുകളിലും ജോണ്‍ സീന വിജയിച്ചിട്ടുണ്ട്.
കായിക താരം എന്ന നിലയില്‍ മാത്രമല്ല നടന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് ജോണ്‍ സീന. ഹോളിവുഡിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ജോണ്‍ സീന. 2006 ല്‍ പുറത്തിറങ്ങിയ ദി മറൈന്‍ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് ജോണ്‍ സീന അരങ്ങേറിയത്.