റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി കമല്‍ഹാസന്‍ ചിത്രം വിക്രം. ആഗോള ബോക്സ്ഓഫിസിലാണ് വിക്രം ഈ വിജയം നേടിയത്. കമല്‍ഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം. ഫിലിം ട്രാക്കര്‍ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച മുന്നേറ്റം ചിത്രം നടത്തിയിരുന്നു. 34 കോടി രൂപയാണ് ആദ്യ ദിവസത്തെ കളക്ഷന്‍. കേരളത്തില്‍ നിന്നു മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കേരളം, തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസിന് മുന്‍പേ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
അതേസമയം, ബോളിവുഡിനെ വിക്രത്തിന്റെ കുതിച്ചുകയറ്റം അസ്വസ്ഥമാക്കുന്നുണ്ട്. കെജിഎഫ്2, ആര്‍ ആര്‍, പുഷ്പ തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായ അമ്പരപ്പിക്കുന്ന വിജയം ബോളിവുഡിനെ ബാധിച്ചിട്ടുണ്ടെന്ന ചര്‍ച്ചകള്‍ സജീവമാണ്. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.