തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരണത്തിന് കീഴടങ്ങിയത്. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു വിദ്യാസാഗര്‍. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് വിദ്യാസാഗറിന്റെ മരണത്തിലേക്ക് നയിച്ചത്. വിദ്യാസാഗറിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഒരുപാട് സിനിമ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വിദ്യാസാഗറിന്റെ വിയോഗത്തില്‍ കലാ മാസ്റ്റര്‍ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും മീനയും ഭര്‍ത്താവും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നെന്നും കലാ മാസ്റ്റര്‍ പറഞ്ഞു.
ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തുരോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് അവസ്ഥ മോശമായത്.
മീന അവളുടെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടെ വലിയ സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. 'ഞാന്‍ തിരികെ വരും' എന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നില വളരെ മോശമായി- കലാ മാസ്റ്റര്‍ പറഞ്ഞു.