മലയാളത്തില്‍ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി കഥാപാത്രങ്ങള്‍ ആണ് ജോജു ജോര്‍ജ് അവതരിപ്പിച്ചത്. അവസാനം എത്തിയ 'ഇരട്ട'യോടെ എന്തും കൈയ്യടക്കത്തോടെ ചെയ്യുന്ന നടന് എന്ന് വിശേഷിപ്പികയാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്.
ഇന്നലെയാണ് വൈഷ്ണവ് തേജ് ചിത്രത്തില്‍ പ്രതിനായകനാകുന്നത് ജോജു ജോര്‍ജ് ആണെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'പിവിടി04' എന്ന് താല്കാലികമായി പേര് നല്‍കിയിട്ടുള്ള ചിത്രം നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചെങ്ക റെഡ്ഡി എന്നാണ് കഥാപാത്രത്തിന്റെ പേര്.
തെലുങ്കിലെ ലീഡിംഗ് പ്രൊഡക്ഷന്‍ ആയ സിത്താര എന്റര്ടെയ്ന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ആക്ഷന്‍ പ്രാധാന്യമുള്ളതാണ് ചിത്രം. 'പിവിടി04ല്‍ ക്രൂരനായ, നിര്‍ദയനായ, കുഴപ്പക്കാരനായ ചെങ്ക റെഡ്ഡിയായി ജോജു ജോര്‍ജ്,' ജോജുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ കുറിച്ചതങ്ങനെയാണ്. ഇരട്ടയുടെ വിജയത്തിന് നടനെ ട്വീറ്റില്‍ ഇവര്‍ അഭിനന്ദിച്ചിട്ടുമുണ്ട്.