ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രം 'മാളികപ്പുറം' മികച്ച അഭിപ്രായം നേടി മുന്നേറുകയണ്.ചിത്രം തിയറ്റര്‍ റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുന്നതിന് മുന്നെ 5 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് എത്തുന്നത്.ഇപ്പോള്‍ ചിത്രം കണ്ട ശേഷം ജയസൂര്യയും ജയറാമും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടന്‍ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ കുറിക്കുന്നു. ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ
ചൈതന്യം നിറഞ്ഞ ചിത്രം ' മാളികപ്പുറം''.
ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു ''വിഷ്ണു ശശിശങ്കര്‍''. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ....) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍ ,രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍.
കണ്ട് കണ്ണ് നിറഞ്ഞ് ജയറാം; ഒപ്പം ഒരു വാഗ്ദാനവും
മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം ' മാളികപ്പുറം' കണ്ടത്. തീയേറ്ററില്‍ നിന്ന് ഇറങ്ങിയ ഉടനെ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെ ജയറാം വിളിക്കുകയും സിനിമകണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും ജയറാം പറഞ്ഞു. ചിത്രം പൂര്‍ത്തിയായപ്പോള്‍ കുറേനേരത്തേക്ക് ഒന്നും പറയാനില്ലെന്നും ജയറാം ആന്റോയോട് പറഞ്ഞു.
ഇതിനൊപ്പം ചിത്രത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴ് പതിപ്പില്‍ താന്‍ പറഞ്ഞുകൊളളാമെന്ന വാഗ്ദാനവും താരം നല്‍കി. ആന്റോ ജോസഫും വേണുകുന്നപ്പളളിയും ചേര്‍ന്ന് നിര്‍മ്മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ' മാളികപ്പുറം' ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ദവനന്ദ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഒരു എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ ചുറ്റിപറ്റിയുള്ളതാണ്. പിയൂഷ് ഉണ്ണിയെ അവതരിപ്പിച്ച ശ്രീപദാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീര്‍ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട്: സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റില്‍സ്: രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍: നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌റ്: വിപിന്‍ കുമാര്‍