പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് നടി അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു കോലി അനുഷ്‌കയെ ജീവിതസഖിയാക്കിയത്. ഇപ്പോള്‍ അനുഷ്‌ക അഞ്ചുമാസം ഗര്‍ഭിണിയാണ്. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന അനുഷ്‌കയുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.
ഉത്തര്‍പ്രദേശിലെ ഹാഥ്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം രാജവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്‌ക എത്തിയത്.. ലിംഗ സമത്വത്തെ കുറിച്ചും ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ചുമാണ് അനുഷ്‌ക എഴുതിയിരിക്കുന്നത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അനുഷ്‌ക പറയുന്നു.
നമ്മുടെ സമൂഹത്തില്‍ ഒരു ആണ്‍കുട്ടിയുണ്ടാകുന്നത് പ്രിവിലേജായാണ് കണക്കാക്കുന്നത്. ഒരു പെണ്‍കുട്ടിയുണ്ടാകുന്നതിനേക്കാള്‍ പ്രിവിലേജ് അതിന് ഇല്ലെങ്കില്‍ പോലും. പ്രിവിലേജിനെ തെറ്റായാണ് കാണുന്നതെന്നും അത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അനുഷ്‌ക പറഞ്ഞു.
യഥാര്‍ത്ഥ പ്രിവിലേജ് പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതിലാണ്. ഒരു രക്ഷിതാവെന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തമാണത്. അതിനാല്‍ അതിനെയൊരു പ്രിവിലേജായി കാണേണ്ടതില്ലെന്നും അനുഷ്‌ക പറഞ്ഞു.
കുട്ടികളുടെ ജെന്റര്‍ നിങ്ങളെ പ്രിവിലേജുള്ളവരാക്കില്ലെന്നും പക്ഷെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന തരത്തില്‍ ആണ്‍കുട്ടികളെ വളര്‍ത്തുക എന്ന സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് വേണ്ടതെന്നും അനുഷ്‌ക പറഞ്ഞു. നേരത്തെ ഹാഥ്രാസിലേയും ബര്‍റാംപൂരിലേയും പീഡനങ്ങള്‍ക്കെതിരേയും അനുഷ്‌ക പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.
ഏത് ലോകത്താണ് ഇത്തരം പിശാചുകള്‍ ഉള്ളതെന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ഇത്തരക്കാര്‍ക്ക് യാതൊരു ഭയവും ഇല്ലെന്നും സമൂഹമെന്ന നിലയില്‍ ഇത്തരക്കാരില്‍ എങ്ങനെയാണ് നാം ഭയം ജനിപ്പിക്കുകയെന്നും അനുഷ്‌ക ചോദിച്ചു. പീഡകര്‍ക്ക് യാതൊരു ദയയുമില്ലെന്നും അനുഷ്‌ക പറഞ്ഞു.