Latest News

ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും അവരുടെ കൈകളില്‍: പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാള്‍ ആസ്വാദകര്‍ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാന്‍ഡുകളും ഏറി വരുന്നു;അരിജിത് സിങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നത് വെറുതെയല്ല!;കുറിപ്പുമായി ജി വേണുഗോപാല്‍

Malayalilife
ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും അവരുടെ കൈകളില്‍: പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാള്‍ ആസ്വാദകര്‍ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാന്‍ഡുകളും ഏറി വരുന്നു;അരിജിത് സിങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നത് വെറുതെയല്ല!;കുറിപ്പുമായി ജി വേണുഗോപാല്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായകന്‍ അരിജിത് സിങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുമ്പോള്‍ അത് വെറുമൊരു വാര്‍ത്തയല്ല, മറിച്ച് ഒരു വ്യവസായത്തിന്റെ മാറ്റത്തിന്റെ നാന്ദിയാണെന്ന് മലയാളത്തിന്റെ പ്രിയ ഗായകന്‍ ജി. വേണുഗോപാല്‍. സിനിമാ പിന്നണി ഗാനരംഗം നേരിടുന്ന കടുത്ത വെല്ലുവിളികളും മ്യൂസിക് ലേബലുകളുടെ അപ്രമാദിത്വവുമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ബോളിവുഡിലെ വമ്പന്‍ മ്യൂസിക് ലേബലുകള്‍ ഗായകരെ അടിമകളെപ്പോലെയാണ് കാണുന്നതെന്ന് വേണുഗോപാല്‍ വെളിപ്പെടുത്തുന്നു. ഐക്കണ്‍ ഗായകനായ സോനു നിഗം തന്റെ അതിപ്രശസ്തമായ പല പാട്ടുകള്‍ക്കും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം വേണുഗോപാലുമായി പങ്കുവെച്ചിട്ടുണ്ട്.


ജി വേണുഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ എക്കാലത്തേയും പോപ്പുലറും saleable മായ ഗായകന്‍ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു.

ഇനി മുതല്‍ സിനിമയില്‍ പിന്നണി പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ തീരുമാനം. വരും കാലങ്ങള്‍ മാത്രമല്ല, ഇക്കാലവും സിനിമാ പിന്നണി ഗാനരംഗത്തെക്കുറിച്ചുള്ള ഒരു ' dooms day prediction ' (ഡുംസ്‌ഡേ പ്രെഡിക്ഷന്‍) കൂടി ഇദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. സമാന്തരമായ സുഗമ സംഗീത മേഖലയുടെ ശക്തിയും കച്ചവട സാധ്യതയും അരിജിത്തിന്റെ തീരുമാനത്തിന് പിറകിലുണ്ട്.

മറ്റെല്ലാ ഗായകരെയും പോലെ അരിജിത്തിനെയും പ്രശസ്തിയുടെ നാള്‍വഴികളില്‍ കൈപിടിച്ചാനയിച്ചത് ബോളിവുഡ് സിനിമാ സംഗീതം തന്നെയാണ്. അവിടെ നിയമാവലികള്‍ കടുപ്പമാണ്. സംഗീത ലേബല്‍സ് ആണ് അവിടെ അനിഷേധ്യമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ടീ സീരീസ്, സീ മ്യൂസിക് , സോണി മ്യൂസിക്, സരേഗമ, ടിപ്‌സ്, യൂണിവേഴ്‌സല്‍ മ്യൂസിക്, തുടങ്ങിയവരാണ് റിക്കാര്‍ഡിംഗ് ഇന്‍ഡസ്ട്രിയുടെ പരിപൂര്‍ണ്ണ നിയന്ത്രണം! Control Licensing, Digital Distribution, Licensing rights, ഇതെല്ലാം ഇവര്‍ തീരുമാനിക്കും. ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും ഒട്ടുമിക്കവാറും അവരുടെ കൈകളിലാണു്. ISAMRA (Indian Singers and Musicians Rights Aossciation) രൂപം കൊണ്ട നാളുകളിലൊന്നില്‍ ബോളിവുഡ് ഐക്കണ്‍ ഗായകന്‍ സോനു നിഗം അതി പ്രശസ്തമായ മൂന്ന് നാല് ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം എത്രയാണെന്നൂഹിക്കാന്‍ ഞങ്ങളോട് തമാശ രൂപേണ പറഞ്ഞു. അവയിലെ രണ്ട് ഗാനങ്ങള്‍ പ്രതിഫലമില്ലാതെയും മറ്റ് രണ്ട് ഗാനങ്ങള്‍ക്ക് നിസ്സാരമായ പ്രതിഫലം നല്‍കുകയുമായിരുന്നു. മലയാളത്തില്‍ ഇതില്‍ നിന്നും ഭേദമാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു - ' തെന്നിന്ത്യയിലെ ഭാഷകളില്‍ പാടുമ്പോഴാണ് ഞാന്‍ ബോളിവുഡിന്റെ പ്രതിഫലം വാങ്ങിക്കുന്നത് '!

നമ്മള്‍ ഇത് വരെ കാണുകയും കേള്‍ക്കുകയും ചെയ്ത സിനിമാ പിന്നണി ഗായകരെക്കാളൊക്കെ പല മടങ്ങ് വലുതാണു് അരിജിത് സിങ്, സംഗീതത്തിന്റെ കമേഴ്‌സ്യല്‍ ഇടങ്ങളില്‍ . പ്രശസ്തരായ പല വെസ്റ്റേണ്‍ ബാന്‍ഡുകള്‍ക്ക് പോലും പലപ്പോഴും അരിജിത്തിന്റെ ഗാനസദസ്സുകള്‍ക്ക് കിട്ടുന്ന പ്രതിഫലമോ, അദ്ദേഹത്തിന്റെ റിക്കാര്‍ഡഡ് ഗാനങ്ങള്‍ക്ക് കിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തിയോ സ്ട്രീമിങ്ങോ കിട്ടാറില്ല. ഇത് ഒട്ടൊന്നുമല്ല ബോളിവുഡിലെ ലേബല്‍സിനെയും ചില ഖാന്‍ നായക പ്രഭൃതികളേയും വിഷമഘട്ടത്തിലാക്കുന്നത്. മറ്റേത് ഇന്‍ഡസ്ട്രിയെക്കാളുമേറെ കൂട്ടം വിട്ട് ശക്തിയായ് ഉയര്‍ന്ന് പറക്കുന്ന ഈ പക്ഷിയെ കല്ലെറിഞ്ഞ് താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായി.


അരിജിത് സിങ്ങും, ശങ്കര്‍ മഹാദേവനും, സോനു നിഗമും സമാന്തര സംഗീത പ്ലാറ്റ്‌ഫോമുകളില്‍ അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവരെയൊന്നും ഇനി ബോളിവുഡ് സിനിമാ സംഗീതത്തിനാവശ്യമില്ല, അല്ലെങ്കില്‍ അവര്‍ക്കിനി ബോളിവുഡ് സംഗീതത്തെ ആവശ്യമില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം! ചെറിയ ചെറിയ വളയങ്ങളില്‍ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവര്‍ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നു.

ഇത് ബോളിവുഡില്‍ മാത്രമല്ല, നാടെങ്ങും സംഭവിക്കുന്നു. കേരളത്തിലും! സിനിമാ പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാളേറെ ആസ്വാദകര്‍ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാന്‍ഡുകളും എണ്ണം ഏറി വരികയാണ്. ' അഗം ' ബാന്‍ഡ് & ഹരീഷ് ശിവരാമകൃഷ്ണന്‍, Rap രംഗത്ത് കളം നിറഞ്ഞ് നില്‍ക്കുന്ന വേടന്‍, ഹനുമാന്‍ കൈന്‍ഡ്, ഡെഫ്‌സി, ഭക്തിഗാന സദസ്സുകളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന നന്ദ ഗോവിന്ദം ഭജന്‍സ്, ഇവരൊക്കെ സിനിമാ സംഗീതത്തിന്റെ അസ്തമയവും സമാന്തര പോപ്പുലര്‍ സംഗീതത്തിന്റെ ഉദയത്തിന്റെ നാന്ദിയും കുറിക്കുകയാണ്.

g venugopal about arijit singh retirement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES