Latest News

സാംസ്‌കാരിക കേരളമേ നിങ്ങളിത് കാണുന്നുണ്ടോ?സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം! അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു;സാംസ്‌കാരിക വകുപ്പിന്റെ 'അഡ്വാന്‍സ്ഡ് ബുദ്ധി' കണ്ട് കണ്ണ് തള്ളി ഷമ്മി തിലകന്‍; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

Malayalilife
 സാംസ്‌കാരിക കേരളമേ നിങ്ങളിത് കാണുന്നുണ്ടോ?സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം! അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു;സാംസ്‌കാരിക വകുപ്പിന്റെ 'അഡ്വാന്‍സ്ഡ് ബുദ്ധി' കണ്ട് കണ്ണ് തള്ളി ഷമ്മി തിലകന്‍; ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ 'മഹനീയ സാന്നിധ്യം' ആയി പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി തനിക്കയച്ച കത്ത് പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് തനിക്ക് ലഭിച്ചതെന്നും ഇക്കാര്യത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ 'അഡ്വാന്‍സ്ഡ് ബുദ്ധി' സമ്മതിച്ചേ പറ്റുവെന്നും നടന്‍ ഷമ്മി തിലകന്‍. 

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതിനെ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെന്നോ കൊറിയര്‍ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷമ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സാംസ്‌കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാന്‍ ഇനിയും 'കൊറിയര്‍' വരേണ്ടതുണ്ടോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു. 

ഷമ്മി തിലകന്റെ കുറിപ്പ്

സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം! സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു. പക്ഷേ, എന്റെ 'മഹനീയ സാന്നിധ്യം' അവിടെ വേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിര്‍ഭരമായ ക്ഷണക്കത്ത് എന്റെ കൈകളില്‍ എത്തുന്നത് ഇന്നാണ്-ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്! 

അതായത്, അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്‌കാരിക വകുപ്പിന്റെ ആ 'സമയനിഷ്ഠ'യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്? ഇതിനെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയര്‍ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ 'ആര്‍ട്ട്' ആണ് ഞാന്‍ ശ്രദ്ധിക്കുന്നത്! 

ചില നിരീക്ഷണങ്ങള്‍: 'വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല' എന്നത് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ 'അഡ്വാന്‍സ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു. 'സമയം എന്ന മഹാപ്രവാഹത്തിന് തടയിടാന്‍ ആര്‍ക്കും കഴിയില്ല' എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓര്‍മ്മിപ്പിക്കുകയാണോ? അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ? 

പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നില്‍ക്കുന്നു... അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ? 

സാംസ്‌കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാന്‍ ഇനിയും 'കൊറിയര്‍' വരേണ്ടതുണ്ടോ? നന്ദി, ഷമ്മി തിലകന്‍

shammy thilakan post about invitation for film awards

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES