മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ മാനം നല്‍കിയ നടന്‍മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തി, ഹാസ്യനടനായി മാറുകയായിരുന്നു അദ്ദേഹം. പിന്നീട് ഏറെ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മികവുറ്റതാക്കി ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ക്കും ഇന്ദ്രന്‍സ് അഹര്‍നായി.
ഇപ്പോഴിതാ, ഒരിക്കല്‍ അവസാനിപ്പിച്ച പ്രാഥമിക വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ താരം, പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.
ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടര്‍ന്നാണ് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് നാലാം ക്ലാസില്‍ പഠനം നടത്തിയത്. പിന്നീട് തയ്യല്‍ ജോലിക്കാരനാകുകയും കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ദ്രന്‍സ് സിനിമയിലേക്ക് വരുന്നത്.
ഇപ്പോള്‍ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാന്‍ ഇന്ദ്രന്‍സിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ട്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്ന രീതിയാണ് ഇന്ദ്രന്‍സിന്റേത്. ആ പേടി മാറ്റാന്‍ കൂടിയാണ് ഇപ്പോള്‍ തുല്യതാ പഠനത്തിന് ചേരുന്നതെന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്.
2018-ല്‍ ഇറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജ്യൂറി പരാമര്‍ശവും ഇന്ദ്രന്‍സിന് ലഭിച്ചു.
കുമാരപുരത്തെ ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് നാലാം ക്ലാസ് വരെ ഇന്ദ്രന്‍സ് പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം അന്ന് അവിടെ അവസാനിപ്പിച്ചെങ്കിലും വായനാശീലമുണ്ടായിരുന്നുവെന്നും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുണ്ടാക്കിയത് വായനയാണെന്നും താരം പറയുന്നു.
വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് വിനയം സംസ്‌കാരം എന്നിവയാണ്. അത് ആവോളമുള്ളയാള്‍ക്ക് ഒരു പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പ്രധാനമാണോ എന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസമെന്നാല്‍ കാഴ്ചയെന്നാണെന്നും അതില്ലാത്തത് കാഴ്ചയില്ലാത്തതിന് തുല്യമാണെന്നുമാണ് ഇന്ദ്രന്‍സിന്റെ മറുപടി