യോഗ്യതകള്‍ കരസ്ഥമാക്കുന്നതിന് പ്രായം തടസ്സമല്ലെന്നു പ്രഖ്യാപിച്ച് നടന്‍ ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ എഴുതി നടന്‍ യോഗ്യതയുടെ പുതിയ വാതായനം തുറന്നു.
പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോള്‍ പരീക്ഷ എഴുതുന്നത്. നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.
നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ പറഞ്ഞിരുന്നു.
ചെറിയ ഇടവേളയേ പഠിക്കാന്‍ കിട്ടിയുള്ളൂ. ആ സമയത്ത് വീട്ടുകാരാണ് പഠിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിലായിരുന്നു തുല്യതാ ക്‌ളാസ്.
തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.
രാവിലെയും ഉച്ചയ്ക്കുമായി രണ്ടുദിവസം പരീക്ഷയുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി എന്നിവയാണ് ഇന്നത്തെ പരീക്ഷകള്‍. നാളെ സാമൂഹ്യശാസ്ത്രവും ടിസ്ഥാനശാസ്ത്രവും ഗണിതവുമാണ്. ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ വരും.
2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.