ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി.തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണെന്നും ശ്രീനാഥ് ഭാസി വിഷയത്തില്‍ താന്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണെന്നും ഹരീഷ് പേരടി പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അതിനാല്‍ ശ്രീനാഥ് ഭാസിക്കെതിരായ മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും...നിരന്തരമായി ആവര്‍ത്തിച്ചാല്‍ ചെറിയ ബഡ്ജറ്റില്‍ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്...അഹങ്കാരമാണ്..അത് നിര്‍മ്മാതാവിന്റെയും സഹ നടി നടന്‍മാരുടെയും തൊഴില്‍ നിഷേധിക്കലാണ്...അവരുടെ അന്നം മുട്ടിക്കലാണ്.
രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് ...യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ട രജനി സാര്‍ ഒരു പോലിസുകാരന്റെ ബൈക്കില്‍ കയറി സമയത്തിന് ലോക്ഷേനില്‍ എത്തിയപ്പോള്‍ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയര്‍ത്തി അത്ഭുതം കൊണ്ടതാണ്.
തൊഴില്‍ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും..ഇങ്ങോട്ടും...മലയാളത്തിലെ നിര്‍മ്മാതക്കളുടെ ഈ ചെറിയ ചൂരല്‍ പ്രയോഗത്തോടൊപ്പം.
ഓണ്‍ലൈന്‍ അവതാരകയോട് മോശമായിപ്പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുകയാണ്. നടന്‍ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിന്‍വലിക്കുകയും ചെയ്‌തെങ്കിലും വിലക്ക് ചെറിയൊരു കാലയളവിലേക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. ഇക്കാര്യത്തില്‍ നടന്‍ മമ്മൂട്ടിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ആരുടെയും അന്നം മുട്ടിക്കുന്ന നടപടി ശരിയല്ലെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.