അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങള്‍ ആണ് ഒഴുകി എത്തിയത്. ഇതില്‍ ചില താരങ്ങളുടെ ലുക്കുകളും വസ്ത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടുന്നതായിരുന്നു. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ദിപിക പദുക്കോണ്‍, രണ്‍വീര്‍ താരദമ്പതികള്‍. ചുവപ്പ് സാരിയില്‍ പ്രൗഢിയോടെ ദീപിക എത്തിയപ്പോള്‍ കറുപ്പ് ഷെര്‍വാണിയിലാണ് രണ്‍വീര്‍ തലയുയര്‍ത്തി നിന്നത്.
ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. ബോര്‍ഡര്‍ പൂര്‍ണമായും ഗോള്‍ഡന്‍ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോള്‍ഡന്‍ എംബ്രോയ്ഡറി ഉണ്ടായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ കരണ്‍ തോറാനിയാണ് ഈ ഷീര്‍ സില്‍ക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില. സിന്ദൂരി താഷി സാരിയെന്നാണ് കരണ്‍ ഈ സാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
വലിപ്പമുള്ള മരതകക്കല്ല് പതിപ്പിച്ച കമ്മലാണ് സാരിയോടൊപ്പം ദീപികയണിഞ്ഞിരുന്നത്. പേള്‍ ചോക്കറും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബണ്‍ ഹെയര്‍സ്‌റ്റൈലാണ് ഇതിനൊപ്പം ദീപിക തിരഞ്ഞെടുത്തത്. ഗ്ലോ മേക്കപ്പും കൂടിയായപ്പോള്‍ ദീപികയുടെ ലുക്ക് പൂര്‍ണമായി.
ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിങ്ങനെ ബോളിലുഡിലെ വമ്പന്‍ താരങ്ങള്‍ അംബാനിയുടെ വസതിയായ ആന്റീലിയയില്‍ അനന്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു.
അതേസമയം, രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെര്‍ച്ചന്റുമായുള്ള ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അക്കൂട്ടത്തില്‍ ആനന്ദിനും രാധികയ്ക്കുമായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും നൃത്തം ചെയ്യുന്ന വീഡിയോയും ശ്രദ്ധ നേടി.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യുഎസ്എയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആനന്ദ് നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സിന്റെയും ബോര്‍ഡ് അംഗവുമായിരുന്നു ആനന്ദ്