ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പൂരനഗരിയില്‍ നടന്ന പുലിക്കളി മഹോത്സവത്തിനിടയില്‍ തരംഗമായി 'ചാവേര്‍'. ഇത്തവണത്തെ അഞ്ച് ടീമുകളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പുലിക്കളി ടീമിന്റെ ആവേശത്തോടൊപ്പം പങ്കുചേരാന്‍ സംവിധായകന്‍ ടിനു പാപ്പച്ചനും 'ചാവേര്‍' സിനിമയുടെ അണിയറപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത് വേറിട്ട കാഴ്ചാനുഭവമായി. പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ് വേദിയില്‍ ഇതോടെ 'ചാവേര്‍' വീര്യം ആളിപ്പടര്‍ന്നു. പ്രേക്ഷകര്‍ക്കായ് വന്യമായ തിയേറ്റര്‍ കാഴ്ചകള്‍ സമ്മാനിക്കാനായി എത്തുന്ന 'ചാവേര്‍' സിനിമയുടെ പോസ്റ്റര്‍ പുലികള്‍ ഉയര്‍ത്തിപ്പിടിച്ചത് കാഴ്ചക്കാരില്‍ ആവേശം നിറച്ചു. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലിക്കളിക്കിടയില്‍ പുതുമ നിറച്ചു. ഇതാദ്യമായാണ് പുലിക്കളിക്കിടയില്‍ ഒരു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പ്രചരണാര്‍ത്ഥം എത്തിച്ചേരുന്നത്.
300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെക്കുന്നത്. കരിമ്പുലി,വരയന്‍ പുലി, പുള്ളിപ്പുലി ഫ്‌ലൂറസന്റ്പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തില്‍ ഇന്ന് കൗതുകകാഴ്ചകള്‍ വിതറും. വിയ്യൂര്‍ ദേശത്ത് നിന്നും ഇക്കുറി പെണ്‍പുലികള്‍ ഇറങ്ങുന്നുമുണ്ട്.
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ചാവേര്‍'. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയില്‍', 'അജഗജാന്തരം' എന്നീ സിനിമകള്‍ സമ്മാനിച്ച തിയേറ്റര്‍ വൈബ് തന്നെയാണ് 'ചാവേറി'നായി കാത്തിരിക്കാന്‍ ഏവരേയും പ്രേരിപ്പിക്കുന്നൊരു ഘടകം. സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.