സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരണി (47)യുടെ മരണം ശ്രീലങ്കയിൽ. അർബുദത്തെ തുടർന്ന് ശ്രീലങ്കയിൽ ആയുർവേദചികിത്സയിലായിരുന്നു. പ്രതീക്ഷകൾ കൈവിട്ടപ്പോഴാണ് ആയുർവേദ ചികിൽസയുടെ സാധ്യത തേടിയത്. അതും ഭവതാരണയിക്ക് ജീവൻ തിരിച്ചു നൽകിയില്ല.
കരളിനെ ബാധിച്ച കാൻസറാണ് ഭവതാരണിക്ക് വിനയായത്. അയൂർവേദ ചികിൽസ ഫലമുണ്ടാക്കുമെന്ന വിശ്വാസത്തിലായിരുന്നു ശ്രീലങ്കൻ യാത്ര. ജീവയാണ് അമ്മ. ഭർത്താവ്: ശബരിരാജ്. സംഗീതസംവിധായകരും ഗായകരുമായ കാർത്തിക് രാജ, യുവൻ ശങ്കർരാജ എന്നിവർ സഹോദരന്മാരാണ്. അമ്മയുടെ മരണം ഭവതാരണിക്ക് ഏറെ വേദനയായിരുന്നു. എന്നും സഹോദരൻ യുവൻ ശങ്കരാജയുമായി ചേർന്നായിരുന്നു ഭവതാരണിയുടെ പ്രവർത്തനം.
വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു അന്ത്യം. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുഗു ഭാഷകളിലായി 30-ലേറെ സിനിമകളിൽ പാടിയിട്ടുണ്ട്. 2000-ത്തിൽ പുറത്തിറങ്ങിയ 'ഭാരതി' എന്ന തമിഴ് ചിത്രത്തിലെ 'മയിൽ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. മലയാളത്തിൽ 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ', 'പൊന്മുടി പുഴയോരത്ത്' എന്നീ ചിത്രങ്ങളിൽ പാടി.
ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങളിലാണ് കൂടുതലായും പാടിയത്. ഏതാനുംചിത്രങ്ങളിൽ സംഗീതസംവിധായികയായും പ്രവർത്തിച്ചു. മൃതദേഹം വെള്ളിയാഴ്ച ചെന്നൈയിൽ പൊതുദർശനത്തിന് വെച്ചശേഷം അന്തിമചടങ്ങുകൾ നടക്കും. 1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു.
'രാസയ്യ' എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പാടിയാണു ഭവതാരണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ൽ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചു. തുടർന്ന് 'ഫിർ മിലേംഗെ' ഉൾപ്പെടെ നിരവധി സിനിമകൾക്കു സംഗീതം നൽകി. മലയാളത്തിൽ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലെ 'കല്യാണപല്ലക്കിൽ വേളിപ്പയ്യൻ' , പൊന്മുടി പുഴയോരത്തിലെ 'നാദസ്വരം കേട്ടോ' എന്നീ ഗാനങ്ങൾ ആലപിച്ചതു ഭവതാരണിയാണ്.
മലയാളചിത്രമായ 'മായാനദി' ആയിരുന്നു സംഗീത സംവിധായിക എന്ന നിലയിലെ അവസാന ചിത്രം. സഹോദരങ്ങളായ കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പരസ്യ എക്‌സിക്യൂട്ടീവാണ് ഭർത്താവായ ആർ. ശബരിരാജ്.