ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഭ.ഭ.ബ'. ദിലീപ്, വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപിന്റെ ജന്മദിനത്തില് പുറത്തിറക്കി. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' ദിലീപാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശ്രീ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ, ''കമ്മാര സംഭവം'ത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ദിലീപ് സിനിമകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നര്‍മ്മവും മാസ്സും ആക്ഷനും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു മാസ് മസാല ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയാണ്. ദീലീപിനോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്'.
ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഫാഹിം സഫറും നടി നൂറിന് ഷെറീഫും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കര്‍. 'ലിയോ', 'ജയിലര്‍', 'ജവാന്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആര്‍ഒ: ശബരി