തിരുവനന്തപുരം: തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സിനിമ-സീരിയല്‍ താരം അപര്‍ണാ നായരുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്. വ്യാഴാഴ്ച രാത്രിയാണ് നടിയെ കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെയല്ലാതെ മറ്റു മുറിവുകളും പാടുകളും കണ്ടെത്താനായില്ലെന്ന് കരമന പൊലീസ് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവുമായി പ്രശ്നമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മൊഴി എടുക്കും.
കുറച്ചുനാളായി അപര്‍ണയും ഭര്‍ത്താവ് സഞ്ജിത്തും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയുംകൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപര്‍ണ കിടപ്പുമുറിയില്‍ക്കയറി അമ്മ ബീനയെ വീഡിയോ കോള്‍ വിളിച്ച് കുടുംബപ്രശ്നങ്ങള്‍ അറിയിച്ചു.
മകളുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ അമ്മ ബീന, അപര്‍ണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടന്‍തന്നെ അപര്‍ണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തപ്പോള്‍ ഇവര്‍ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്നു. അപ്പോഴാണ് അപര്‍ണയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയനിലയില്‍ കണ്ടത്. കെട്ടഴിച്ച് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അപര്‍ണ നായര്‍ താരത്തിളക്കത്തിനിടയിലും ജീവിച്ചത് ആശുപത്രി ജീവനക്കാരിയായിട്ടായിരുന്നു. പിആര്‍എസ് ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു അപര്‍ണ ഒരു വര്‍ഷത്തോളമായി. എന്നാല്‍ 15 ദിവസം മുന്‍പ് പെട്ടെന്ന് ജോലി രാജിവച്ചു. കുട്ടികളെ നോക്കാന്‍ മറ്റാരുമില്ലെന്നാണ് രാജി വയ്ക്കാന്‍ കാരണമായി പറഞ്ഞത്. അതേ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചതും.
പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം പിടിഎയുടെ എക്സിക്യൂട്ടീവുമാരില്‍ ഒരാള്‍ ആയിരുന്നു. കലാരംഗത്തും മറ്റു മേഖലകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു അപര്‍ണ. ആത്മസഖി, ചന്ദനമഴ,ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ത്ഥം,അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.
ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് നടിയുടെ സഹോദരി നല്‍കിയ മൊഴി.