മാതൃദിനത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് നടി അഭിരാമി. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായെന്ന വിശേഷമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. പുതിയൊരു അമ്മയെന്ന നിലയില്‍ മാതൃദിനം ആഘോഷിക്കാനുള്ള അനുഗ്രഹം ലഭിച്ചുവെന്നും താരം കുറിച്ചു.
മാതൃദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അഭിരാമി കുറിപ്പ് പങ്കുവച്ചത്. 'പ്രിയ സുഹൃത്തുക്കളെ, കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ വിവരം സന്തോഷപൂര്‍വം പങ്കുവയ്ക്കുകയാണ്. കഴിഞ്ഞവര്‍ഷമാണ് ഞങ്ങളുടെ മകളെ ദത്തെടുത്തത്. ഇത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് പുതിയൊരു മാതാവ് എന്ന നിലയില്‍ മാതൃദിനം ആഘോഷിക്കാന്‍ ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു.
ഞങ്ങള്‍ പുതിയൊരു വേഷം ചെയ്യാനൊരുങ്ങുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും എനിക്കും എന്റെ കുടുംബത്തിനും ഒപ്പമുണ്ടാവണം'- താരം പങ്കുവച്ചു. 2009ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ന്റന്റായ രാഹുല്‍ പവനനും വിവാഹിതരായത്. ഇരുവര്‍ക്കും കുഞ്ഞുങ്ങളില്ലായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി മലയാള സിനിമയില്‍ എത്തുന്നത്. മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ, വാനവില്‍, വീരുമാണ്ടി എന്നിവ അഭിരാമിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. സുരേഷ് ഗോപിയും ബിജു മേനോനും നായകന്മാരാകുന്ന ഗരുഡന്‍ എന്ന സിനിമയിലൂടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അഭിരാമി