തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ വിശാലിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുള്ളത്. ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമെല്ലാം പലതവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ്. എന്നാല്‍ പിന്നീട് അനീഷ എന്ന യുവതിയുമായി 2019ല്‍ വിശാലിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു എന്നാല്‍ അത് മുടങ്ങി പോയ വാര്‍ത്തയും പുറത്ത് വന്നിരുന്നു.
അടുത്തിടെ ചലച്ചിത്ര താരം അഭിനയയുമായി വിശാലിന്റെ വിവാഹമുറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. നടികര്‍ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന സമയത്ത് മാത്രമാണ് തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് പറഞ്ഞിരിക്കുകയാണ് വിശാല്‍.നാടകകലാകാരന്മാര്‍ക്കും ഏതാണ്ട് 3500ഓളം അഭിനേതാക്കള്‍ക്കും വേണ്ടിയാണ് നടികര്‍ സംഘം എന്ന ഈ കെട്ടിടം പണിയുന്നത്.ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും വിശാല്‍ പറയുന്നു. 2018ല്‍ ആണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അതേസമയം അഭിനയയെ വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ച് വിശാല്‍ പ്രതികരിച്ചിട്ടില്ല.
നാടോടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് അഭിനയ. സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയാത്ത നടി വിധിയെ മറികടന്ന് സ്വന്തം പ്രയത്‌നത്താല്‍ ജീവിതവിജയം നേടിയ നടി തെലുങ്കിലും മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഐസക് ന്യൂട്ടണ്‍ സണ്‍ ഒഫ് ഫീലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. വണ്‍ ബൈ ടു എന്ന ചിത്രത്തിലും മലയാളത്തിലും അഭിനയിച്ചു.
അഭിനേതാക്കളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നത് വിശാല്‍ ആണ്. നടന്‍, ഗായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ താരം സംവിധായകനാകാന്‍ തുടങ്ങുകയാണ്.തുപ്പരിവാലന്‍ 2ലൂടെയാണ് വിശാല്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നത്.