വിശാല്‍ നായകനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'മാര്‍ക്ക് ആന്റണി'യുടെ ലൊക്കേഷനില്‍ അപകടം. മാര്‍ക്ക് ആന്റണി'യിലെ നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാല്‍ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. ഏതാനും സെക്കന്റുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തിലാണ് തനിക്ക് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് വിശാല്‍ സെറ്റിലെ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു. അഭിനന്ദന്‍ രാമാനുജന്‍ ആണ് മാര്‍ക്ക് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. എസ് വിനോദ് കുമാറാണ് നിര്‍മാണം.
വിശാലിന്റെ സിനിമ സെറ്റില്‍ സംഭവിക്കുന്ന ആദ്യത്തെ അപകടമല്ല ഇത്. മുന്‍ ചിത്രമായ ലാത്തിയുടെ സെറ്റില്‍ വച്ച് രണ്ടുതവണ വിശാലിന് അപകടം സംഭവിച്ചിരുന്നു. ആദ്യ അപകടത്തില്‍ കാല്‍മുട്ടിന് ചെറിയ പൊട്ടലുണ്ടായി. ഷൂട്ടിനിടെ വീണ്ടും അതേ കാലിന് പരുക്കേറ്റു. തുടര്‍ന്ന് താരത്തിന് സുഖം പ്രാപിക്കുന്നതുവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു.