സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതിഥിയായി എത്തിയ ഡിസ്‌കവറി ചാനലിലെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയുടെ പുതിയ പ്രോമോയും പുറത്തെത്തിയതോടെ രജനീ ആരാധകര്‍ ആവേശത്തിലാണ്. രജനിയുടെ ചുറുചുറുക്ക് കണ്ട് ബെയര്‍ ഗ്രില്‍സ് അദ്ഭുതപ്പെടുന്നതും താരത്തോട് പ്രായം ചോദിക്കുന്നതും സാഹസികതകളും ആണ് വിഡിയോയില്‍ നിറയുന്നത്.
രജനിയുടെ ജീവിതവും ആത്മബലവുമെല്ലാം വ്യക്തമാകുന്നതാണ് വിഡിയോ. 18ാം വയസില്‍ താന്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നും പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത് എന്നും രജനീകാന്ത് ബെയറിനോട് പറയുന്നുണ്ട്. ഇരുമ്പു പാലത്തിലൂടെ തൂങ്ങി പുഴ കടക്കുന്നതും കയറില്‍ പിടിച്ചുകൊണ്ട് മല കയറ്റം കയറുന്നതുമെല്ലാം പ്രമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്ര സാഹസികത ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എഴുപതുകാരനാണെന്നു പറയുന്ന രജനിയോട് താങ്കള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാണെന്നായിരുന്നു ബെയറിന്റെ കമന്റ്.പരിപാടി മാര്‍ച്ച് 23ന് സംപ്രേക്ഷണം ചെയ്യും. അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.
അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.