നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടി അഞ്ജലി നായര്‍ രംഗത്ത്. എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് പലരും തന്റെ പക്കല്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നും അവരെയൊന്നും വെറുതെ വിടില്ലെന്നും താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അഞ്ജലി വ്യക്തമാക്കി. ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്. 'ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല, ഒരുത്തനെയും വെറുതെ വിടില്ല' എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. തന്റെ പേര് പോലും അഞ്ജലി മേനോന്‍ എന്നാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ വ്യാജ പോസ്റ്റുകള്‍ ഇടുന്നവര്‍ കാര്യങ്ങള്‍ പഠിച്ചും മനസ്സിലാക്കിയും വേണം ചെയ്യാന്‍ എന്ന് താരം പറഞ്ഞു. മുന്‍പ് പലര്‍ക്കായി താന്‍ നല്‍കിയ 35 ലക്ഷം രൂപ തിരിച്ചു കിട്ടിയില്ലെന്ന് രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഈ കണക്കുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എല്ലാവരെയും നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ കഴിയില്ല എന്നതിനാലാണ് സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്നതെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും അഞ്ജലി വ്യക്തമാക്കി.
സിനിമ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന പരിഹാസങ്ങള്‍ക്കും താരം മറുപടി നല്‍കി. 'മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെ രാഷ്ട്രീയത്തില്‍ വരാന്‍ തീരുമാനിച്ചത്. ഒരു തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ഒരടി പോലും പിന്നോട്ടില്ല' - അഞ്ജലി പറഞ്ഞു. സത്യം മനസ്സിലാക്കി പ്രതികരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.