മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയയായ ആര്യ പിന്നീട് ബിഗ് ബോസ്സിലും പങ്കെടുത്തിരുന്നു. കാഞ്ചീവരം എന്ന തന്റെ സാരി ബ്രാന്റുമായി വസ്ത്ര വിപണന രംഗത്ത് ഒരു സംരംഭക എന്ന നിലയിലും ആര്യ വലിയ രീതിയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് ചര്‍ച്ചയാവുന്നത്.
ഇന്ന് ആ യുവനടിയുടെ സാരി ബ്രാന്റ് ലോഞ്ച് ചെയ്തത് കണ്ടപ്പോള്‍ തനിക്ക് സന്തോഷമായി എന്നാണ് പരിഹാസരൂപേണ ആര്യ പറയുന്നത്. തന്റെ സംരംഭക യാത്രയ്ക്കിടയില്‍ തന്നെ ഏറെ നിരാശപ്പെടുത്തിയ സംഭവമുണ്ടായെന്നും അതിന് കാരണക്കാരായ ആളാണ് ഇന്ന് പുതിയ സാരി ബ്രാന്റ് തുടങ്ങിയതെന്നും ആര്യ സ്റ്റോറില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
''ഓരോ ദിവസവും പുതിയ സാരി ബ്രാന്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്. പക്ഷെ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാന്‍ഡ് ലോഞ്ച് കണ്ടപ്പോള്‍ എനിക്ക് ഇത്രയും സന്തോഷം തോന്നുന്നത്. എന്റെ ഏഴ് വര്‍ഷത്തെ കാഞ്ചീവരം യാത്രയ്ക്കിടയില്‍ ഒരു സംരംഭക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും നിസ്സാഹയയാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ആ സംഭവം എന്നെ വല്ലാതെ അലട്ടിയിരുന്നു. അതിനാല്‍ ദീര്‍ഘകാലം ഞാന്‍ മാനസികമായി തകര്‍ന്നിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു ആ സംഭവത്തിന് പിന്നില്‍'' ആര്യ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ എനിക്ക് ഇതിലപ്പുറം സന്തോഷിക്കാന്‍ മറ്റൊന്നുമില്ല. ഞാന്‍ അനുഭവിച്ച ആ വേദന എന്താണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ മനസ്സിലാകുമായിരിക്കും. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്ന ഒരാളല്ല ഞാന്‍, പക്ഷേ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനര്‍ത്ഥം ആ സംഭവം എന്നെ അത്രത്തോളം വേദനിപ്പിച്ചിരുന്നു എന്നാണ്, ആ മുറിവ് ഇപ്പോഴും ഉള്ളിലുണ്ട്,' ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ വാക്കുകളിങ്ങനെ.
അതേസമയം, ആര്യയുടെ ഈ ഒളിയമ്പ് നടി നമിത പ്രമോദിന് എതിരെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സിനിമയില്‍ പഴയതുപോലെ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് നിറസാന്നിധ്യമാണ് നമിത. റസ്റ്റോറന്റ് മേഖലയിലെ വന്‍ വിജയത്തിന് ശേഷം ഇപ്പോള്‍ സാരി ബിസിനസ്സിലേക്കും ചുവടുവെച്ചിരിക്കുകയാണ് നമിത. മെയ് ആറിനാണ് നമിത തന്റെ പുതിയ സാരി ബ്രാന്‍ഡ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുത്തിയത്. മെയ് എട്ടിന് ഔദ്യോഗിക ലോഞ്ചും പ്രഖ്യാപിച്ചിരിക്കുകയാണ്. 'നമ്മ ദേശി' എന്നാണ് തന്റെ സാരി ബ്രാന്‍ഡിന് നമിത പേരു നല്‍കിയിരിക്കുന്നത്.
നമിതയുടെ പുതിയ സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്യയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി എത്തിയിരിക്കുന്നത്. പോസ്റ്റില്‍ ആര്യ നമിതയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, ഈ പോസ്റ്റ് നമിതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.