മലയാള സിനിമയിലെ തന്നെ സൂപ്പർഹിറ്റ് സിനിമകളുടെ രചയിതാവായിരുന്നു തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നീസ് എന്ന് തന്നെ പറയാം. അദ്ദേഹം ധാരാളം സിനികൾ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും ഒക്കെ നായകൻമാരാക്കി എടുത്തിട്ടുണ്ട്. തൊണ്ണുറുകളിൽ രണ്ടാം നിര നടൻമാരായിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകൻമാരാക്കി സിനിമയെടുത്ത സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കലൂർ ഡെന്നീസ്.
മമ്മൂട്ടിയുമായി തനിക്ക് അകലേണ്ടി വന്ന സമയത്താണ് ജഗദീഷിനെയും സിദ്ദീഖിനെയുമെല്ലാം നായകൻമാർ ആക്കാൻ ആലോചിച്ചതെന്ന് കലൂർ ഡെന്നീസ് പറയുന്നു. മമ്മൂട്ടിയുമായുള്ള അകൽച്ചക്ക് ശേഷം രണ്ടാംനിര നടന്മാരെ വെച്ച് ലോ ബജറ്റ് സിനിമ എടുത്ത് വിജയിപ്പിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും മുകേഷിന്റെയുമൊക്കെ സിനിമകളിലെ കൂട്ടാളി കഥാപാത്രങ്ങളായി നടന്നിരുന്ന ജഗദീഷിനെയും സിദ്ദീഖിനെയും നായകൻമാരാക്കാൻ വേണ്ടി എനിക്ക് ഒത്തിരി പണിപ്പെടേണ്ടി വന്നിട്ടുണ്ട്.
1990 മുതൽ 98 വരെ മലയാള സിനിമയിൽ കച്ചവട മൂല്യവർധനയുണ്ടാക്കിയ ഒരു പിടി ലോബജറ്റ് ചിത്രങ്ങൾ എന്റേതായി പുറത്തിറങ്ങിയ വർഷങ്ങളായിരുന്നു. തൂവൽസ്പർശം, മിമിക്സ് പരേഡ്, സൺഡേ 7 പിഎം, ഗജകേസരി യോഗം, കാസർകോട് കാദർ ഭായ് തുടങ്ങി നാൽപ്പത്തഞ്ചോളം സിനിമകൾ എന്റേതായി ഈ വർഷങ്ങളിൽ പുറത്തിറങ്ങി.
ഇവയിൽ രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റുള്ളവയെല്ലാം വിജയങ്ങളായിരുന്നു. ഇതിൽ ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ ജഗദീഷായിരുന്നു നായകൻ. പതിനഞ്ച് ചിത്രങ്ങളിൽ സിദ്ദീഖും നായകനായി. കലൂർ ഡെന്നീസ് പറയുന്നു. കുറഞ്ഞ ചിലവിൽ സിനിമ എടുത്തു തുടങ്ങിയതിലും അതിൽ മിക്കതും വിജയമായി മാറിയതിലും വലിയ സന്തോഷമുണ്ടെന്നും കലൂർ ഡെന്നീസ് പറയുന്നു.