സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിനെ പിടിച്ചുകുലുക്കുകയാണ്. കേസില്‍ സുശാന്തിന്റെ കാമുകി റിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്തിലേക്ക് അന്വേഷണം നീണ്ടതോടെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ വരെ വിവാദങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്ങ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സുശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് സാറ തുറന്നു പറഞ്ഞിരുന്നു. സുശാന്തുമായി പ്രണയമുണ്ടായിരുന്നെങ്കിലും പ്രണയത്തില്‍ അവന്‍ വിശ്വസ്തനല്ലാത്തതിനാല്‍ ബ്രേക്കപ്പ് വേണ്ടിവന്നുവെന്നാണ് സാറ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. സാറയെ രക്ഷിക്കാനുള്ള ചരടുവലി പിതാവ് സെയ്ഫ് അലി ഖാന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് ചില റിപ്പോര്‍ട്ട് എത്തിയിരുന്നു. സെയ്ഫിന്റെ ആദ്യ ബന്ധത്തിലെ മകളാണ് സാറ.
എന്നാല്‍ മകളെ ഒരുവിധത്തിലും സഹായിക്കില്ലെന്ന നിലപാടിലാണ് നടന്‍ സെയ്ഫ് അലി ഖാന്‍. ഇതുമായി ബന്ധപ്പെട്ട് മുന്‍ ഭാര്യ അമൃത സിങ്ങുമായി സെയ്ഫ് തര്‍ക്കത്തിലേര്‍പ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മകളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് സെയ്ഫിന്റെ അടുക്കല്‍ അമൃത എത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെയ്ഫ് തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുംബൈയില്‍ നിന്ന് ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം ഡല്‍ഹിയിലേക്ക് സെയ്ഫ് പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിങ്ങ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് കരീന പോയത്. ഭാര്യയ്‌ക്കൊപ്പം സെയ്ഫ് പോയത് സാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതില്‍ നിന്ന് സാറ ഉള്‍പ്പടെയുള്ള നടിമാരുടെ പേരുകള്‍ പരുറത്തുവന്നത്. തുടര്‍ന്ന് ഇവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍. സുശാന്തിന്റെ നായികയായി കേദാര്‍നാഥിലൂടെയാണ് സാറ അലി ഖാന്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന് ശേഷം ഇരുവരും ഡേറ്റിങ്ങിലായിരുന്നെന്ന് സാറ വ്യക്തമാക്കി. സുശാന്തിനൊപ്പം തായ്‌ലന്‍ഡില്‍ പോയിരുന്നുവെന്നും വല്ലപ്പോഴും സുശാന്ത് കഞ്ചാവ് പുകച്ചിരുന്നതായും സാറ പറഞ്ഞിരുന്നത്. തുടര്‍ന്ന് ബന്ധത്തില്‍ വിശ്വസ്തനല്ലെന്ന് തോന്നിയതോടെയാണ് വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സാറ വ്യക്തമാക്കിയിരുന്നു.