ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നടി ശ്രീലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു. 'ഉസ്താദ് ഭഗത് സിംഗ്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ താരം നടത്തിയ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. അടുത്തിടെ മെഡിക്കല്‍ ബിരുദം നേടിയ താരം കൂടിയായ ശ്രീലീലയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. 'എന്റെ ഗാനങ്ങള്‍ എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ആര്‍ത്തവ സമയത്തുപോലും ഞാന്‍ ഡാന്‍സ് സീനുകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊന്നും ഒന്നിനും തടസ്സമോ ഒഴുവുകഴിവോ അല്ല. ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ ഇത്തരം ശാരീരിക തടസ്സങ്ങള്‍ക്കപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കണം. മാനസികവും ശാരീരികവുമായ കാര്യങ്ങള്‍ ഒരു ഒഴുവുകഴിവായി കാണരുത്,' എന്നായിരുന്നു ശ്രീലീലയുടെ വാക്കുകള്‍. എന്നാല്‍, ഓരോ സ്ത്രീയുടെയും ആര്‍ത്തവാനുഭവങ്ങള്‍ വ്യത്യസ്തമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് താരം സംസാരിച്ചതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
താരത്തിന്റെ പ്രസംഗം വൈറലായതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. 'നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് ചാടാന്‍ കഴിയുന്നു എന്നതുകൊണ്ട് എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ല' എന്നാണ് പ്രധാന വിമര്‍ശനം. ആര്‍ത്തവവേദന അസഹനീയമായി അനുഭവിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ ഉണ്ടെന്നും അവരുടെ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നതാണ് താരത്തിന്റെ വാക്കുകളെന്നും പലരും കുറിച്ചു.
'നിങ്ങള്‍ ഒരു ഡോക്ടര്‍ കൂടിയല്ലേ? ഓരോ ശരീരവും ഓരോ രീതിയിലാണ് പ്രതികരിക്കുന്നതെന്ന് അറിയില്ലേ? വേദന സഹിക്കാന്‍ കഴിയാത്തവരോട് അത് ഒഴുവുകഴിവാണ് എന്ന് പറയുന്നത് നാണക്കേടാണ്,' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. കഠിനമായ വേദനയിലും ജോലിക്ക് പോവുകയും കുടുംബം നോക്കുകയും ചെയ്യുന്ന സ്ത്രീകള്‍ എന്ത് ഒഴുവുകഴിവാണ് നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഒരു മെഡിക്കല്‍ ബിരുദധാരിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും വിമര്‍ശകര്‍ പറയുന്നു.