നാട്ടിന്‍പുറങ്ങളിലെ നന്‍മനിറഞ്ഞ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ഥിരം നടീനടന്‍മാരാണ് എത്താറുളളത്. നായികയിലോ നായകനിലോ മാറ്റമുണ്ടാകുമെങ്കിലും കുടുംബസിനിമകളില്‍ എന്നും സഹകഥാപാത്രങ്ങളായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട സീനിയര്‍ താരങ്ങളാണ്. തിലകന്‍, കെപിഎസ്ഇ ലളിത, മാമൂക്കോയ, ഇന്നസെന്റ് എന്നിവരൊക്കെ ഏതെങ്കിലും കഥാപാത്രമായി സത്യന്‍ അന്തികാട് സിനിമയില്‍ വന്നുപോകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയെകുറിച്ചും കഥാപാത്രങ്ങളെകുറിച്ചും മനസുതുറക്കുകയാണ് സത്യന്‍ അന്തിക്കാട്.
1999 ല്‍ ജയറാം, തിലകന്‍, സിദ്ദിഖ്, സംയുക്ത വര്‍മ്മ, കെ.പി.എ.സി. ലളിത എന്നിവരെ പ്രധാന കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. നടി സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു ഇത്. ജയറാമിന്റ കഥാപാത്രമായ റോയ് തോമസ്സിന്റെ അപ്പനും അമ്മയുമായിട്ടായിരുന്നു കെപിഎസി ലളിതയും തിലകനും എത്തിയത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിലെ തിലകന്റെയും ലളിതയുടെയും പ്രകടനങ്ങള്‍ ഇന്നും മലയാളി മനസില്‍ മായാതെ നില്‍പ്പുണ്ട്.
താന്‍ ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രം ജയറാമില്ലങ്കിലും തനിക്ക് മറ്റൊരു നടനെ വച്ച് അത് ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും പക്ഷേ തിലകന്റെയോ കെ പി എ സി ലളിതയുടെയോ ഡേറ്റ് കിട്ടാതെ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലായിരുന്നുമെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. കൂടാതെ അഭിമുഖത്തില്‍ കെപിഎസി ലളിതയുമായുള്ള ആത്മബന്ധത്തെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്. എന്റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച് ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് അടുത്തടുത്ത് എന്ന എന്റെ സിനിമയിലാണ്. ഭരതേട്ടന്റെ സമ്മതത്തോടെയാണ് ചേച്ചി അതില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത്,വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാന്‍ സാധിക്കും പക്ഷേ തിലകന്റെയും കെ പി എ സി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലായിരുന്നു എന്നും സത്യന്‍ വ്യക്തമാക്കുന്നു.