അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റില്‍ നിന്നുമാണ് ലാല്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയത്. തുടര്‍ന്ന് ഷിബുബേബി ജോണിനും ആന്റണി പെരുമ്പാവൂരിനും ഒപ്പം ഇരിങ്ങാലക്കുടയിലേക്ക്. കറുത്ത കാറില്‍ വന്നിറങ്ങിയ ലാല്‍ ഇന്നസെന്റിന്റെ വീട്ടിലേക്കാണ് ലാല്‍ എത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി മൃതശരീരത്തിന് മുന്നില്‍ അദ്ദേഹം നിശബ്ദനായി. കൈതൊഴുത് അന്തിമോപചാരവും അര്‍പ്പിച്ചു ലാ്ല്‍. ഇന്നസെന്റിന്റെ വീട്ടുകാരെ അടക്കം കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു താരം.
ഇന്നസന്റിന്റെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെയും പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടില്‍ എത്തിച്ചത്. കൊച്ചി കടവന്ത്രയിലും ഇരിങ്ങാലക്കുടയിലും നടന്ന പൊതുദര്‍ശനത്തില്‍ കലാ-സാമൂഹിക മേഖലയിലെ പ്രമുഖര്‍ എത്തിച്ചേര്‍ന്നിരുന്നു.
ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയില്‍ ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. സെന്റ് തോമസ് കത്തീഡ്രലില്‍ ഇന്ന് രാവിലെ 10നാണ് സംസ്‌കാരം. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിലെത്തിക്കുകായായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, കുഞ്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍, ബാബുരാജ്, സംവിധായന്‍ ലാല്‍ ജോസ്, മന്ത്രിമാരായ ആര്‍.ബിന്ദു, കെ.രാജന്‍, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവരുള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ 8 മുതല്‍ 11.30 വരെയായിരുന്നു ഇവിടെ പൊതുദര്‍ശനം. ഇന്നസന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നര്‍മം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ചലച്ചിത്രലോകം ഒന്നടങ്കം എത്തിയിരുന്നു. പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ വിയോഗ വേദനയില്‍ പലര്‍ക്കും വാക്കുകള്‍ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുന്‍ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയത്.
മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.