അന്‍പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലും മമൂട്ടിയും ഉള്‍പെടെയുളളവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ മത്സരിച്ചിരുന്നു. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്‌കാരം. കനി കുസൃതിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് വാസന്തിയാണ്. റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ചിത്രമാണ് വാസന്തി.
ഇപ്പോള്‍ ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തിയിരിക്കയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു അതേസമയം പുരസ്‌കാര ജേതാക്കള്‍ക്ക് ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്നാണ് മോഹന്‍ലാല്‍ ആശംസിച്ചത്. മറ്റു താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവര്‍ അവാര്‍ഡ് ജേതാക്കളായതിലുള്ള സന്തോഷം പങ്കിട്ട് രംഗത്തെത്തിയിരുന്നു.
സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ലൂസിഫര്‍, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും എം.പത്മകുമാര്‍ സംവിധാനം ചെയ് മമ്മൂട്ടി ചിത്രം മാമാങ്കം എന്നിവയും മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നു.
മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം കുമ്പളങ്ങിയിലൂടെ ഫഹദ് ഫാസില്‍ നേടിയപ്പോള്‍ നടിയുടെ പുരസ്‌കാരം സ്വാസിക വിജയ് സ്വന്തമാക്കി. വാസന്തിയിലെ അഭിനയത്തിനാണ് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡിന് അര്‍ഹമായത്.. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി
മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് നജിം അര്‍ഷാദിനാണ്. മികച്ച ബാലതാരമായി വാസുദേവ് സജേഷ് മാരാരും മികച്ച കഥാകൃത്തായി ഷാഹുലും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തല്‍. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സുരക്ഷിതമായാണ് ജൂറി സിനിമകള്‍ കണ്ട് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.