കരണ്‍ ജോഹര്‍ തന്റെ 50-ാം ജന്മദിനം മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയില്‍ ഗംഭീരമായാണ് ആഘോഷിച്ചത്.ഹൃത്വിക് റോഷന്, ഷാരൂഖ് ഖാന്, കത്രീന കൈഫ്, കിയാര അദ്വാനി, ജാന്‍വി കപൂര്‍, മലൈക അറോറ, കരീന കപൂര്‍ ഖാന് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തലവന്റെ ജന്മദിനം ആഘോഷിക്കാന്‍ വേദിയില്‍ തടിച്ചുകൂടിയത് വൈറലായിരുന്നു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് ഈ ആഘോഷങ്ങള്‍ വിനയായി മാറിയിരിക്കുകയാണ് താരങ്ങള്‍ക്കെന്നാണ്.
ഷാരൂഖ് ഖാന്, കത്രീന കെയ്ഫ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ വിമര്‍ശനവും ഉയരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത അന്‍പതോളം പ്രമുഖ ബോളിവുഡ് താരങ്ങള്‍ കൊവിഡ് പോസിറ്റീവായി എന്നാണ് റിപ്പോര്‍ട്ടുകള്‍.പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരങ്ങള്‍. ഇതോടെ കരണിന്റെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് നേരെ ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. ഈ പാര്‍ട്ടി കൊവിഡ് ഹോട്ട്സ്പോട്ടായി മാറിയെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടിയില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്, കത്രീന കെയ്ഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരണ്‍ ജോഹറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ ഇക്കാര്യം വെളിപ്പെടുത്താത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം, കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടി കൊവിഡ് ഹോട്ട്സ്പോട്ടാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കരണ്‍ ജോഹര്‍ ഇപ്പോള്‍ കോഫി വിത്ത് കരണിന്റെ ചിത്രീകരണത്തിലാണെന്നും അദ്ദേഹം നിര്‍ബന്ധിത ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയനായിരിക്കുകയാണെന്നും ഇക്കൂട്ടര്‍ പറയുന്നു.
സെറ്റുകളില്‍ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ട്. അതിഥികളും പ്രോട്ടോക്കോള്‍ പാലിക്കുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത 50ഓളം അതിഥികള്‍ക്ക് പോസിറ്റീവായെന്ന റിപ്പോര്‍ട്ടുകള്‍ വിചിത്രമാണ്. ഏകദേശം 10 ദിവസം മുമ്പാണ് പാര്‍ട്ടി നടന്നതെന്നും ഇവര്‍ വാദിക്കുന്നു.