അല്ലു അര്ജുന്-രശ്മിക മന്ദാന താര ജോഡികളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ചിത്രത്തില്‍ സായ് പല്ലവി ചിത്രത്തില്‍ ഉണ്ടാകില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
രണ്ടാം ഭാഗത്തില്‍ ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടിയായി സായ് പല്ലവി എത്തും എന്നായിരുന്നു വാര്‍ത്ത.ചിത്രത്തിന്റെ നിര്‍മാതാവ് രവി ശങ്കര്‍ തന്നെയാണ് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ മൂന്നാമത്തെ ആഴ്ച്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മാതാക്കളില്‍ ഒരാളായ രവി ശങ്കര്‍ പറഞ്ഞു. സായ് പല്ലവി സിനിമയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി.
ഏകദേശം 350 കോടി മുതല്‍ മുടക്കിലാണ് പുഷ്പ 2 ചിത്രീകരിക്കുന്നത് എന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രത്തിനൊപ്പം പുഷ്പയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വിജയ് സേതുപതിയും എത്തുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.