മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്. ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും മറ്റും നൊടിയിടയിലാണ് വൈറലായി മാറുന്നത്. നായകന്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. രസകരമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യം ലൊക്കേഷനില്‍ നിന്നും പുറത്തു വരുന്നത്. ഇതില്‍ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ആദ്യ ഭാഗത്തില്‍ ഏറ്റവുമധികം പ്രാധാന്യമുണ്ടായിരുന്ന രംഗമാണ് ജോര്‍ജ് കുട്ടി ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ കയറി പുതിയ ഫോണ്‍ വാങ്ങുന്നതും, ശേഷം അതുപയോഗിച്ച് വരുണിന്റെ തിരോധാനം വഴിതിരിച്ച് വിടുന്നതും. ദൃശ്യം സിനിമയുടെ സസ്‌പെന്‌സിനു മാറ്റ് കൂട്ടിയതും ഈ രംഗത്തിന്റെ പ്രാധാന്യം വിളിച്ചോതി. രണ്ടാം ഭാഗത്തിലും അത്തരം പ്രത്യേകതയുള്ള രംഗമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ദൃശ്യം ലൊക്കേഷനില്‍ നിന്നും പുറത്തു വന്ന ഏറ്റവും പുതിയ ചിത്രമാണ് ഇതിലേക്ക് വഴി തെളിച്ചിരിക്കുന്നത്. ഇതില്‍ നായകന്‍ ജോര്‍ജ് കുട്ടി മകളെയും കൊണ്ട് മൊബൈല്‍ ഫോണ്‍ കടയില്‍ പോകുന്നതാണ് കാണുന്നത്. ഇളയ മകളാണോ മൂത്ത മകളാണോ എന്ന് ചിത്രത്തില്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. നിലവില്‍ ഫാന്‍ പേജുകളിലും മറ്റുമായി ഈ ചിത്രം വന്നിരിക്കുകയാണ് മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കരുതേ ജോര്‍ജ്ജുകുട്ടി എന്നാണ് ചിത്രം കണ്ടവര്‍ കമന്റിടുന്നത്.
മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പര്‍ക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്