സിനിമാ പ്രമോഷനിടെ അവതാരകയുടെ കഴുത്തില്‍ ബലം പ്രയോഗിച്ച് മാലയിട്ട് നടന്‍ കൂള്‍ സുരേഷ്. മന്‍സൂര്‍ അലിഖാന്‍ നായകനാകുന്ന 'സരക്ക്' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയിലാണ് സംഭവം. കൂള്‍ സുരേഷിനെ പ്രസംഗിക്കാനായാണ് അവതാരക സ്റ്റേജിലേക്ക് വിളിച്ചത്.
കസേരയില്‍ നിന്ന് കയ്യിലൊരു മാലയുമായാണ് സുരേഷ് എഴുന്നേറ്റത്. തുടര്‍ന്ന് മൈക്കിന് അടുത്തെത്തിയ താരം എല്ലാവര്‍ക്കും മാലയിട്ടെന്നും ഒരാള്‍ക്ക് മാലയിടാന്‍ മറന്നുപോയെന്നും പറഞ്ഞുകൊണ്ട് യുവതിയുടെ കഴുത്തില്‍ മാലയിടുകയായിരുന്നു.
സുരേഷിന്റെ പ്രവൃത്തിയില്‍ അനിഷ്ടം പ്രകടമാക്കിയ അവതാരക ഉടന്‍ തന്നെ മാല എടുത്തുമാറ്റിയെങ്കിലും മറ്റു പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നില്ല. പ്രകോപനപരമായ കാര്യം നടന്നിട്ടും പക്വതയോടെ പ്രതികരിച്ച അവതാരകയ്ക്ക് പ്രശംസകളാണ് ലഭിക്കുന്നത്.
പിന്നീട് മന്‍സൂര്‍ അലിഖാന്റെ പ്രസംഗത്തിനിടെ, ചില കാണികള്‍ കൂള്‍ സുരേഷിന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും പെണ്‍കുട്ടിയോടു മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മന്‍സൂര്‍ അലിഖാന്‍ ഉടന്‍ തന്നെ മാപ്പ് പറയാന്‍ കൂള്‍ സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതൊരു കണ്ടന്റിനു വേണ്ടി ചെയ്തതാണെന്നും പെണ്‍കുട്ടിയെ ഈ പ്രവൃത്തി വിഷമിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും കൂള്‍ സുരേഷ് പറഞ്ഞു. എന്നാല്‍ കൂള്‍ സുരേഷിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗായിക ചിന്മയി ഉള്‍പ്പെടെയുള്ളവര്‍ സുരേഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.