ഗ്ലാമര്‍ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ചതിനാല്‍ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ പരാതി. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിങ് ഗൗറാണ് പരാതി നല്‍കിയത്.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന്റെ പേരിലാണ് കേസ്.
ചിത്രത്തില്‍ ഇറങ്ങിയ കഴുത്തുള്ള ചുവപ്പ് വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ വേഷത്തില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നാണ് ഗൗര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
നേരത്തേ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പരാതി. കേസില്‍ ഫാറൂഖിയെ 2021 ജനുവരിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.