ഏഷ്യാനെറ്റിലെ പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. താരം സീരിയല്‍ മേഖലയില്‍ നിന്ന് വിട്ടു നിന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടില്ല. പരസ്പരത്തിന് ശേഷം സിനിമകളിലായിരുന്നു താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മമ്മൂട്ട്ി മുഖ്യ മന്ത്രി വേഷത്തിലെത്തിയ വണ്‍ എന്ന സിനിമയില്‍ ഗായത്രി ശ്രദ്ധേയ വേഷമാണ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകര്‍ക്കിടയില്‍ എന്നും സജീവമായ താരത്തിന് സ്വന്തമായുളള യുട്യൂബ് ചാനലിലൂടെയും വിവരങ്ങള്‍ പങ്കുവക്കാറുണ്ട്.
യുട്യൂബിലൂടെ ഗായത്രി പങ്കുവെച്ച പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങള്‍ക്കൊപ്പം ശിശു ദിനം ആഘോഷിച്ചതിന്റെ വീഡിയോയുമായാണ് ഗായത്രി ചാനലില്‍ എത്തിയത്. കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് ഇങ്ങനൊരു ദിവസത്തില്‍ തന്നെ ക്ഷണിച്ചതിലുള്ള സന്തോഷവും ഗായത്രി വീഡീയോയിലൂടെ തുറന്ന് പറയുന്നുണ്ട്. ചെറിയ ലോകത്തിലേക്ക് നമ്മള്‍ ചുരുങ്ങുന്നതിന് പകരം കുട്ടികളുടെ വലിയ ലോകത്തിലേക്ക് ഇറങ്ങിചെല്ലണമെന്നും താരം പറഞ്ഞു. കുട്ടികള്‍ക്കൊപ്പം സംസാരിച്ചും, ആടിപാടിയും, അവരെ അഭിനന്ദിച്ചുമൊക്കെയാണ് താരം അവിടെ ചെലവഴിച്ചത്. കുഞ്ഞുങ്ങള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ച ഗായത്രിക്ക് നിരവധിപേരാണ് ആശംസയറിയിച്ചത്.
സര്‍വോപരി പാലാക്കാരന്‍ എന്ന സിനിമയിലും ഗായത്രി അഭിനയിച്ചിരുന്നു. ബിസിനസ്‌കാരനായ അരുണ്‍ ആണ് ഗായത്രിയുടെ ഭര്‍ത്താവ്. ലൗ ജിഹാദ് എന്ന സിനിമയാണ് ഗായത്രിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂട്, സിദ്ധീഖ്, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഉത്തരേന്ത്യയിലെ കഥാ പശ്ചാത്തലത്തില്‍ ഒരു ഫാന്റസി സിനിമയുടെ സംവിധാനത്തിനും ഒരുങ്ങുകയാണെന്ന് ഗായത്രി പറഞ്ഞു. സിനിമ അഭിനയം വലിയ പാഷനാണെന്നും അതിനോടൊപ്പം സംവിധാനവും ശ്രമിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.