ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന് നോട്ടീസയച്ച് നികുതി വകുപ്പ്. ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് താരത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. നാസിക്കില്‍ നടിയുടെ പേരിലുള്ള 1 ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് നടപടി.
അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ നികുതി അടക്കുമെന്ന് നടിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2023 ജനുവരി 9നാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 21,960 രൂപയാണ് നികുതിയായി ഐശ്വര്യ നല്‍കാനുള്ളത്. കുടിശ്ശിക തുക ഒരു വര്‍ഷത്തേക്കാണ്, പത്ത് ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നോട്ടീസ്.
നാസിക്ക് നഗരത്തിനടുത്തുള്ള സിന്നാര്‍ ജില്ലയില്‍ താരത്തിന്റെ പേരിലുള്ള ഭൂമിയുടെ അഗ്രികള്‍ച്ചറല്‍ (എന്‍എ) നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്. േ
അതേസമയം, ഐശ്വര്യ റായിക്ക് മാത്രമല്ല നോട്ടീസ് നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരത്തിനൊപ്പം 1,200ലധികം കുടിശ്ശികക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നികുതികള്‍ പിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
2009 ലാണ് ഐശ്വര്യ റായി ഈ ഭൂമി വാങ്ങിയത്. ആദ്യമായിട്ടാണ് നികുതി അടക്കാന്‍ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് പറയുന്നു.
'ആഗസ്ത് മുതലാണ് റവന്യൂ അസസ്‌മെന്റ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ് രണ്ട് തവണ നടിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിച്ചിരുന്നില്ല. വീണ്ടും ജനുവരി 9ന് നോട്ടീസ് അയച്ചു. 10 ദിവസമായിരുന്നു നല്‍കിയത്. ഇതില്‍ നടിയുടെ ഉപദേഷ്ടാവ് പ്രതികരിക്കുകയും അടുത്ത ദിവസം നികുതി അടക്കാമെന്ന് അറിയിക്കുകയും ചെയ്തു'- എന്ന് തഹസില്‍ദാര്‍ പറയുന്നു.