തമിഴില്‍ നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും നേടിയ ചിത്രമായ 'കൈതി' ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രം 'കൈതി' ഹിന്ദിയില്‍ റിലീസ് ചെയ്യുമ്പോള്‍ അജയ് ദേവ്ഗണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കൈതിയുടെ ഹിന്ദി രൂപമായ 'ഭോലാ'യുടെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
ചിത്രം 2023 മാര്‍ച്ച് 30ന് റിലീസ് ചെയ്യും.അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. കാര്‍ത്തിയുടെ കൈതി സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോലയുമായി അജയ് എത്തുന്നത്. ത്രിഡിയിലാണ് ചിത്രമെത്തുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ് ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നരേന് അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ തബു അവതരിപ്പിക്കും.
കൈതിയുടെ കഥയില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റണ്‍വേ 34-ന് ശേഷം അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയന്‍സ് എന്റര്ടെയ്ന്മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം കിട്ടിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. കേരളത്തിലും ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി.